”ഇന്ത്യന്‍ ടീമില്‍ നിന്നും ഞാന്‍ പുറത്തായിട്ട് 40 വര്‍ഷമായി. എന്റെ ജീവിതകാലം മുഴുവനും ആ വേദനയും പേറിയാണ് ഞാന്‍ ജീവിച്ചത്. ഞാന്‍ പുറത്തായ അന്നാണ് യുവരാജിന്റെ ജീവിതം തുടങ്ങിയതെന്ന് എനിക്ക് പറയാനാവും. ഞാന്‍ അവന് ആദ്യമായി ക്രിക്കറ്റ് ബാറ്റും ബോളും നല്‍കിയപ്പോള്‍ അവന്റെ പ്രായം ഒന്നര വയസായിരുന്നു. എന്റെ അമ്മ ഗുര്‍ണം കൗറാണ് അവന് ആദ്യമായി പന്തെറിഞ്ഞ് നല്‍കിയത്. ആ ചിത്രം ഇപ്പോഴും കൈയ്യിലുണ്ട്.”

”വളരുമ്പോള്‍ അവന്‍ സ്കേറ്റും ടെന്നീസും ആയിരുന്നു കളിച്ചിരുന്നത്. അപ്പോഴൊക്കെ ഞാന്‍ അവന്റെ സ്കേറ്റ്സും ടെന്നിസ് റാക്കറ്റും പൊട്ടിച്ച് കളയും. അപ്പോള്‍ അവന്‍ കരഞ്ഞ് കൊണ്ട് ഞങ്ങളുടെ സെക്ടര്‍ 11 വീടൊരു ജയിലാണെന്ന് പറയുമായിരുന്നു. എന്നെ ‘ഡ്രാഗണ്‍ സിങ്’ എന്നായിരുന്നു അവന്‍ അപ്പോള്‍ വിളിച്ചിരുന്നത്. എന്നാല്‍ എന്നെ അഭിമാനത്തോടെ നടത്തിക്കണമെന്ന് അവനോട് പറയാനുളള അവകാശം എനിക്കുണ്ടായിരുന്നു.”

”ഞാന്‍ പരിശീലനം നടത്തിയിരുന്ന സെക്ടര്‍ 16 സ്റ്റേഡിയത്തില്‍ 6 വയസുളളപ്പോഴാണ് യുവരാജിനെ ഞാന്‍ കൊണ്ടു പോയത്. അന്ന് ഹെല്‍മറ്റില്ലാതെ പരിശീലനം നടത്താനാണ് ഞാന്‍ അവനോട് പറഞ്ഞിരുന്നത്. സ്റ്റേഡിയത്തില്‍ അവന്‍ എന്നും ഒന്നര മണിക്കൂറോളം ഓടും. യുവരാജിനെ ഞാന്‍ അത്രയും പരുഷമായി പരിശീലനം ചെയ്ത് ജീവിതം നശിപ്പിക്കുകയാണെന്ന് എന്റെ അമ്മ മരണക്കിടക്കയില്‍ വച്ച് പറഞ്ഞിരുന്നു. എന്റെ മകന്റെ മേല്‍ പരുഷമായതിന് ഞാന്‍ ഖേദിച്ചത് അന്നായിരുന്നു.”

Read More: ക്രിക്കറ്റ് ഇഷ്ടമാണ്, അതേസമയം വെറുപ്പുമാണ്; യുവരാജ് സിങ്

”അവന്‍ ക്രിക്കറ്റിനെ വെറുത്തപ്പോള്‍ ഞാന്‍ അവനെ കൊണ്ട് ക്രിക്കറ്റിനെ സ്നേഹിപ്പിച്ചു. അതാണ് ഇപ്പോള്‍ അവന്റെ ജീവിതം. അവന്‍ ഇപ്പോള്‍ എന്താണ് കരസ്ഥമാക്കിയതെന്ന് ഈ ലോകം മുഴുവനും അറിയാം. ഗോ-ഗോ കളിക്കുന്നതിനിടെ പരുക്കേറ്റില്ലായിരുന്നെങ്കില്‍ ഇന്ന് എല്ലാ ഏകദിന-ട്വന്റി 20 റെക്കോര്‍ഡുകളും യുവി തകര്‍ക്കുമായിരുന്നു. ചാപ്പലിന്റെ പരിശീലനത്തിന്റെ കീഴിലായിരുന്നു അത്. ചാപ്പലിനോട് ഞാന്‍ അതിന് പൊറുക്കില്ല.”

”അവന് കാന്‍സര്‍ ബാധിച്ചപ്പോള്‍ അത് എന്നേയും കരയിച്ചിരുന്നു. ഈ കഥ ഇതുപോലെ അവസാനിപ്പിക്കരുതെന്ന് ഞാന്‍ ദൈവത്തോട് പ്രാർഥിക്കുമായിരുന്നു. എന്റെ മുറിയില്‍ ഞാന്‍ ഒറ്റയ്ക്ക് കിടന്നു കരഞ്ഞു. അവന്റെ മുമ്പില്‍ ഞാന്‍ കരഞ്ഞിട്ടില്ല. പപ്പാ, ഞാന്‍ മരിച്ചാലും ലോകകപ്പ് ട്രോഫി എന്റെ കൈയ്യില്‍ കിടക്കുന്നത് നിങ്ങളും രാജ്യവും കാണണമെന്ന് അവന്‍ എന്നോട് പറയുമായിരുന്നു,” യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‍രാജ് സിങ് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook