ക്രിക്കറ്റില്‍ എക്കാലവും ബാറ്റര്‍-ബോളര്‍ ഐതിഹാസിക ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍-ഷോയിബ് അക്തര്‍ പോരാട്ടം. എന്നാല്‍ പുതിയ കാലത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോഹ്ലി അക്തറിനെ നേരിട്ടാല്‍ എന്തായിരിക്കും സംഭവിക്കുക. കോഹ്ലി തന്നെ ഇതിനെപ്പറ്റി അഞ്ച് വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്.
2010 ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ കോഹ്ലിയും അക്തറും ദേശിയ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ കോഹ്ലി നേരത്തെ പുറത്തായതിനാല്‍ അക്തറിനെ നേരിടാന്‍ സാധിച്ചില്ല. 2017 ല്‍ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലാണ് അക്തറിനെ നേരിട്ടിരുന്നേല്‍ എന്ത് സംഭവിച്ചേനെ എന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വെളിപ്പെടുത്തിയത്.
“ഞാന്‍ ഇതുവരെ അക്തറിന്റെ പന്തുകള്‍ നേരിട്ടിട്ടില്ല. പക്ഷെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തില്‍ പോലും അദ്ദേഹം അപകടകാരിയായിരുന്നു. അക്തര്‍ മികച്ച ഫോമിലുണ്ടായിരുന്നപ്പോള്‍ ബാറ്റര്‍മാര്‍ അദ്ദേഹത്തെ നേരിടാന്‍ ആഗ്രഹിക്കില്ലായിരുന്നു എന്ന് തോന്നി,” കോഹ്ലി പറഞ്ഞു.
“കഴിഞ്ഞ ദിവസം ഐപിഎല്‍ സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ് കോഹ്ലിയുടെ വാക്കുകളോട് അക്തര്‍ പ്രതികരിച്ചത്. കോഹ്ലി ഒരു നല്ല വ്യക്തിയും മികച്ച കളിക്കാരനുമാണ്. കോഹ്ലിയും വാക്കുകള്‍ക്ക് നന്ദി. ഞാന്‍ കോഹ്ലിക്കെതിരെ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇത്രയും റണ്‍സ് എടുക്കില്ലായിരുന്നു. പക്ഷെ കോഹ്ലി നേടിയതെല്ലാം അഭിന്ദനം അര്‍ഹിക്കുന്നതാണ്, ഓരോ റണ്‍സിനും വേണ്ടി അയാള്‍ പോരാടിയിട്ടുണ്ട്,” അക്തര്‍ വ്യക്തമാക്കി.