ICC WT20 World Cup 2023, India vs England Score Updates: ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 140 റണ്‍സിലൊതുങ്ങി.
52 റണ്‍സെടുത്ത സ്മ്യതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവര്‍ വരെ ഇന്ത്യക്കായി റിച്ച ഘോഷ് പൊരുതി. 34 പന്തില്‍ 47 റണ്‍സെടുത്ത് റിച്ച പുറത്താകാതെ നിന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു രേണുക സിങ്ങിന്റെ പ്രകടനം. സ്കോര്‍ 29-ല്‍ നില്‍ക്കെ സോഫിയ ഡങ്ക്ലി (10), ഡാനിയലെ വ്യാറ്റ് (0), ആലിസ് ക്യാപ്സി (3) എന്നിവരെ രേണുക മടക്കി. ഡങ്ക്ലിയും ആലിസും ബൗള്‍ഡാവുകയായിരുന്നു.
പിന്നീട് സീവറും ഹെതര്‍ നൈറ്റും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്തേകുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും 51 റണ്‍സാണ് ചേര്‍ത്തത്. നൈറ്റിനെ (28) പുറത്താക്കി ശിഖ പാണ്ഡെയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആറാമതായി എത്തിയ എമി ജോന്‍സിനെ കൂട്ടുപിടിച്ചായിരുന്നു സീവര്‍ തുടര്‍ന്നത്. ഇരുവരും സ്കോറിങ്ങിന് വേഗം കൂട്ടിത്തുടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദത്തിലായി.
എന്നാല്‍ സീവറിനെ സ്മ്യതി മന്ദാനയുടെ കൈകളിലെത്തിച്ചത് ദീപ്തി ശര്‍മ വീണ്ടും കൂട്ടുകെട്ട് പൊളിച്ചു. 42 പന്തില്‍ അഞ്ച് ഫോറുകളടക്കമാണ് സീവര്‍ 50 റണ്‍സ് നേടിയത്. 27 പന്തില്‍ 40 റണ്‍സെടുത്ത എമിയുടെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്. എമിയേയും കാതറിന്‍ സീവറേയും മടക്കിയാണ് രേണുക അഞ്ച് വിക്കറ്റ് തികച്ചത്.