ICC WT20 WC 2023, India vs Australia Semi Final Score Updates: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയയ്ക്ക് ഫൈനല്‍ പ്രവേശം. ഓസിസ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ജെമിമ റോഡ്രിഗ്സിന്റെയും ഇന്നിങ്‌സുകള്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവര്‍ക്കും ഫിനീഷിങ് സാധിക്കാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയാകുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഷഫാലി വര്‍മ (9), സ്മൃതി മന്ദാന (2), യസ്തിക ഭാട്ടിയ (4) എന്നിവര്‍ ആദ്യ നാല് ഓവറിനുള്ളില്‍ പുറത്തായി. ജെമിമ റോഡ്രിഗ്സ് – ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം പ്രതീക്ഷ നല്‍ഷിയെങ്കിലും ഫിനീഷിങ് ഉണ്ടായില്ല. 24 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 43 റണ്‍സെടുത്ത ജെമിമ മടങ്ങിയതോടെ ഓസീസ് വിജയ പ്രതീക്ഷയായി. റിച്ച ഘോഷുമൊത്ത് ഹര്‍മന്‍പ്രീത് ഇന്നിങ്സ് നയിച്ചെങ്കിലും റണ്ണൗട്ടില്‍ പുറത്തായി. 17 പന്തില്‍ നിന്ന് 14 റണ്‍സുമായി റിച്ചയും മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. ദീപ്തി ശര്‍മ 17 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. 37 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 54 റണ്‍സെടുത്ത മൂണിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റില്‍ അലിസ ഹീലിയും മൂണിയും 52 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 26 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അലിസ ഹീലിയെ പുറത്താക്കി രാധ യാദവാണ്. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.