/indian-express-malayalam/media/media_files/uploads/2019/04/dinesh-karthik.jpg)
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ യുവതാരം ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്തിയത് ആരാധകരെ തെല്ലൊന്ന് അമ്പരപ്പിക്കുന്നതായിരുന്നു. എന്തുകൊണ്ടാണ് അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മുന്‍ നായകന്‍ എംഎസ് ധോണി ഒന്നാം വിക്കറ്റ് കീപ്പറും ദിനേശ് കാര്‍ത്തിക് പകരക്കാരനുമായുമാണ് ടീം തിരഞ്ഞെടുത്തത്.
''അനുഭവ സമ്പത്തും സ്ഥിരതയുമാണ് പന്തിന് പകരം കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് വിരാട് കോഹ്ലി പറയുന്നു. ''സമ്മര്‍ദ്ദഘട്ടങ്ങളില്‍ നന്നായി കളിക്കാന്‍ ദിനേശിന് സാധിക്കും. അതുകൊണ്ട് എല്ലാവരും കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നല്ല അനുഭവ സമ്പത്തുണ്ട്. ധോണിയില്ലാതെ വന്നാല്‍ വിക്കറ്റ് കീപ്പറാകാനും സാധിക്കും. ഫിനിഷര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ്. അതുകൊണ്ട് ഇത്ര വലിയൊരു ടൂര്‍ണമെന്റാകുമ്പോള്‍ കാര്‍ത്തിക്ക് മതിയെന്ന് തീരുമാനിക്കുകയായിരുന്നു''. വിരാട് പറഞ്ഞു.
മെയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. മെയ് 23 വരെ ടീമില്‍ മാറ്റം വരുത്താനുള്ള അവസരമുണ്ട്. 2004 ലാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യക്കായി അരങ്ങേറുന്നത്. 91 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരത്തെ അഞ്ച് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള പന്തിനേക്കാള്‍ മികച്ച സെലക്ഷനായി കരുതുകയായിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ എവിടെ വേണമെങ്കിലും കളിക്കാന്‍ സാധിക്കുമെന്നതും കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കാനായുള്ള കാരണമായി മാറി.
''മികച്ച താരങ്ങളെയാണ് ഒഴിവാക്കേണ്ടി വന്നത്. കഴിവുറ്റ താരങ്ങളില്‍ നിന്നും 15 പേരെ മാത്രം തിരഞ്ഞെടുക്കുക എളുപ്പമുള്ള ജോലിയല്ല. അവരോട് പറയുന്നത്, ഇപ്പോള്‍ കളിക്കുന്നത് പോലെ തന്നെ കളിക്കുക. തയ്യാറായിരിക്കുക എന്നാണ്'' തീരുമാനത്തെ കുറിച്ച് ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി പറഞ്ഞു.
ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പോസിറ്റീവായ ഘടകം താരങ്ങളെല്ലാവരും ആത്മവിശ്വാസമുള്ളവരാണ് എന്നതാണ്. തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരുമെന്ന് നായകന്‍ വിരാട് കോഹ്ലി പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.