scorecardresearch
Latest News

വനിതാ ലോകകപ്പ്: ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയക്ക് ഏഴാം കിരീടം; ഹീലി ടൂര്‍ണമെന്റിന്റെ താരം

ഫൈനലില്‍ ഇംഗ്ലണ്ടിനെ 71 റണ്‍സിനായിരുന്നു പരാജയപ്പെടുത്തിയത്

വനിതാ ലോകകപ്പ്: ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയക്ക് ഏഴാം കിരീടം; ഹീലി ടൂര്‍ണമെന്റിന്റെ താരം
Photo: ICC

ICC Women’s World Cup Final 2022, AUS vs ENG Live: ഓക്ലന്‍ഡ്: വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. ഫൈനലില്‍ ഇംഗ്ലണ്ടിനെ 71 റണ്‍സിനായിരുന്നു പരാജയപ്പെടുത്തിയത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഓസിസ് ഇത്തവണ കിരീടമണിയുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത് ഏഴാം തവണയാണ് ഓസ്ട്രേലിയ വനിതാ ലോകകപ്പ് ജേതാക്കളാകുന്നത്. ഓസ്ട്രേലിയക്ക് ഉജ്വല സ്കോര്‍ സമ്മാനിച്ച എലീസെ ഹീലിയാണ് ഫൈനലിലേയും ടൂര്‍ണമെന്റിലേയും താരം. 170 റണ്‍സായിരുന്നു താരം ഫൈനലില്‍ നേടിയത്, ടൂര്‍ണമന്റിലെ ടോപ് സ്കോററും ഹീലി തന്നെയാണ്.

പോരാടിയത് സിവര്‍ മാത്രം

357 എന്ന പടുകൂറ്റന്‍ ലക്ഷ്യം കലാശപ്പോരില്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആവശ്യമായിരുന്നത് മികച്ച അടിത്തറയായിരുന്നു. ഒട്ടും തലയെടുപ്പ് കുറയാത്ത ഓപ്പണിങ് കൂട്ടുകെട്ടുണ്ടായിട്ടും ഇംഗ്ലണ്ടിന് പിഴച്ചു. ഡാനിയല്ലെ വ്യാട്ടിനെ അതിമനോഹരമായ ഇന്‍സ്വിങ്ങറിലൂടെ ഷൂട്ട് പവലിയനിലേക്ക് പറഞ്ഞയച്ചായിരുന്നു ഓസീസിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമായത്.

ടീമിന്റെ ബാറ്റിങ് നെടുംതൂണായ ടമ്മി ബേമൗണ്ടിലായി പിന്നീടുള്ള പ്രതീക്ഷകള്‍. ഷൂട്ടിന് മുന്നില്‍ ബേമൗണ്ടും കുടുങ്ങിയതോടെ മികച്ച തുടക്കമെന്ന ഇംഗ്ലണ്ടിന്റ സ്വപ്നം തകര്‍ന്നു. പിന്നീടായിരുന്നു നഥാലി സിവറെത്തിയത്. കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി മുന്നോട്ട് പോകാനുള്ള സിവറിന്റെ ശ്രമങ്ങള്‍ പരിചയസമ്പന്നരായ ഓസ്ട്രേലിയ ഇല്ലാതാക്കി.

വിജയത്തിലേക്ക് അടുപ്പിക്കുന്ന ഒരു കൂട്ടുകെട്ടുപോലും സൃഷ്ടിക്കാന്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരക്കായില്ല. പക്ഷെ മറുവശത്ത് സിവര്‍ മറ്റൊരു എലീസെ ഹീലിയാവുകയായിരുന്നു. 121 പന്തില്‍ 148 റണ്‍സ്. 15 ഫോറും ഒരു സിക്സും. സിവറിനെ മടക്കാന്‍ ഓസ്ട്രേലിയക്ക് കഴിഞ്ഞില്ല. പക്ഷെ മറുവശത്തുള്ള പത്ത് പേരെയും പുറത്താക്കി ഓസിസ് കിരീടം ചൂടി.

മൂന്ന് വിക്കറ്റ് വീതം നേടിയ അലാന കിങ്, ജെസ് ജോനാസന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്. ഷൂട്ട് രണ്ട് വിക്കറ്റ് നേടി. തഹ്ലിയ മഗ്രാത്തും ആഷ്ലി ഗാര്‍ഡ്നറും ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.

ഹീലി കൊടുങ്കാറ്റില്‍ ഓസ്ട്രേലിയ

ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളും ഓസ്ട്രേലിയന്‍ ആധിപത്യവും, പതിറ്റാണ്ടുകളായി ഇതിലും മികച്ച ഒരു കോമ്പിനേഷന്‍ ക്രിക്കറ്റിലില്ല. ഇത് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ലഭിച്ച ഓസീസ് അടിച്ചുകൂട്ടിയത് 50 ഓവറില്‍ 356 റണ്‍സ്. ഇത് മറികടക്കാനായാല്‍ പുതിയ ചരിത്രം രചിക്കാന്‍ ഇംഗ്ലണ്ടിനാവും.

ഓസ്ട്രേലിയയുടെ ഓപ്പണര്‍ എലിസെ ഹീലി പുലിയായ കാഴ്ചയായിരുന്നു മൈതാനത്ത് കണ്ടത്. ഇരയെ വേട്ടയാടി പിടിക്കുന്ന പുലി തന്നെ. ഫൈനലിന്റെ സമ്മര്‍ദമില്ലാതെ അനായാസം ഹീലി ബാറ്റ് വീശി. 138 പന്തില്‍ 170 റണ്‍സ്. 26 ഫോറുകള്‍. ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഹീലിയുടെ മികവിലായിരുന്നു ഓസീസ് പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.

ഓപ്പണിങ് വിക്കറ്റില്‍ ഹെയ്നസുമൊത്ത് മികച്ച തുടക്കം. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ 30-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു ഇംഗ്ലണ്ടിന്. 93 പന്തില്‍ 68 റണ്‍സായിരുന്നു ഹെയ്നസിന്റെ സമ്പാധ്യം. താരം മടങ്ങുമ്പോള്‍ സ്കോര്‍ 160. ബെത്ത് മൂണി ക്രീസിലെത്തിയതോടെ ഓസീസ് കാര്യങ്ങല്‍ അല്‍പ്പം വേഗത്തിലാക്കി എന്ന് പറയാം.

രണ്ടാം വിക്കറ്റില്‍ ഇരുവരും 97 പന്തില്‍ നിന്ന് 156 റണ്‍സ് നേടി. 40-ാം ഓവറിന് ശേഷം ഇംഗ്ലണ്ട് ബോളര്‍മാരെ ഹീലിയും മൂണിയും ചേര്‍ന്ന് തലങ്ങും വിലങ്ങും ആക്രമിച്ചു. ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ഹിലിയെ വീഴ്ത്തിയത് ഷ്രബ്സോളാണ്. പിന്നീട് ഓസീസിന്റെ സ്കോറിങ്ങ് മന്ദഗതിയിലായി. 316-1 എന്ന നിലയില്‍ നിന്ന് 331-5 ലേക്ക് വീണു.

അവസാന ഓവറില്‍ എലിസെ പെറി നേടി ബൗണ്ടറികളാണ് സ്കോര്‍ 350 കടത്തിയത്. 10 പന്തില്‍ 17 റണ്‍സുമായി ഓസീസിന്റെ വിശ്വസ്ത പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഷ്രബ്സോള്‍ 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ബാക്കി എല്ലാ ബോളര്‍മാരുടേയും എക്കൊണൊമി ആറിന് മുകളിലായിരുന്നു.

Also Read: IPL 2022, GT vs DC Cricket Score Online: ഡൽഹിക്കെതിരെ ഗുജറാത്തിന് 14 റൺസ് ജയം

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Icc womens world cup final 2022 aus vs eng live score updates