ലണ്ടൻ: സിംബാബ്‍വെ ക്രിക്കറ്റ് ബോർഡിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്താക്കി. ലണ്ടനിൽ ചേർന്ന വാർഷിക യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് ബോർഡിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകൾ തടയാൻ അധികൃതർക്കായില്ലെന്ന് ഐസിസി വിലയിരുത്തി. അതേസമയം ഏകപക്ഷീയമായ തീരുമാനത്തിലൂടെ നിരവധി പേരുടെ കരിയറാണ് ഐസിസി തകര്‍ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു.

സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്രമായ ക്രിക്കറ്റിന് സിംബാബ്‍വെ പരാജയപ്പെട്ടെന്ന് ഐസിസി വ്യക്തമാക്കി. ഐസിസി ഭരണഘടനയുടെ ഗുരുതരമായ ലംഘനമാണ് സിംബാബ്‍വെ നടത്തിയതെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പറഞ്ഞു. ഐസിസി നിയമങ്ങളുടെ ലംഘനമാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിൽ നടക്കുന്നതെന്നും രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും ക്രിക്കറ്റിനെ മാറ്റിനിർത്തണമെന്നാണ് നിലപാടെന്നും ശശാങ്ക് മനോഹർ പറഞ്ഞു.

ഐസിസി നിയമങ്ങളുടെ ഗുരുതരമായ ലംഘനം സിംബാബ്‌വെയിൽ നടന്നിട്ടുണ്ട്. എന്നാൽ, നിയമങ്ങൾ അനുസരിച്ചുകൊണ്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് മുന്നോട്ടു പോകണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐസിസി പുറത്താക്കിയതോടെ സിംബാബ്‌വെക്കുള്ള ക്രിക്കറ്റ് ഫണ്ടിങ് നിലയ്ക്കും. ഐസിസി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ടീമിന് പങ്കെടുക്കാനും സാധിക്കില്ല. ഇതോടെ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ടീം പങ്കെടുക്കുന്നത് സംശയത്തിലായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook