ICC Cricket World Cup 2019: ക്രിക്കറ്റെന്നല്ല ഏതൊരു മത്സരമാണെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നുവെന്നാല്‍ യുദ്ധമെന്നു തന്നെയാണ് അര്‍ത്ഥം. കാലങ്ങളായി തുടരുന്ന വൈര്യത്തിന് പറയാന്‍ ഒരുപാട് കഥകളുണ്ട്. സച്ചിന്-അക്തര്‍ പോര്, ഗംഭീര്‍-അഫ്രീദി ഉരസല്‍, 2007 ടി20 ലോകകപ്പ് ഫൈനല്‍, സച്ചിന്റെ 98 അങ്ങനെ ഒരുപാട് ഒരുപാട്. ഇന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ ഗതിയെ തന്നെ മാറ്റാന്‍ പോകുന്ന എന്തോ ഓന്നെന്ന അര്‍ത്ഥത്തിലാണ് ഇരു ടീമുകളുടേയും ആരാധകര്‍ നോക്കി കാണുന്നത്.
മറ്റാരോട് തോറ്റാലും ഇന്ത്യയോട് തോറ്റ് പാക്കിസ്ഥാന് താരങ്ങള്‍ക്ക് അവരുടെ നാട്ടിലേക്കും പാക്കിസ്ഥാനോട് തോറ്റ് ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയിലേക്കും തിരിച്ചു ചെല്ലുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. മറ്റാരോടു തോറ്റാലും പാക്കിസ്ഥാനോട് തോല്‍ക്കരുത്. അതുകൊണ്ട് തന്നെ തങ്ങളുട ജീവന് കൊടുത്തും കളി ജയിക്കുക എന്ന് ഒരായിരം വട്ടം മനസില്‍ പറഞ്ഞായിരിക്കും ചിര വൈരികള്‍ക്കെതിരെ ഇറങ്ങുക. മനസിലെ തീ മൈതാനത്തേക്ക് പടരുമ്പോള്‍ പന്തുകള്‍ക്ക് തീപടരും. ഗ്രീക്ക് കഥകളിലെ യോദ്ധാക്കളെ പോലെ താരങ്ങള്‍ മൈതാനത്ത് പരസ്പരം ചീറിയടുത്തെന്ന് വരും. അവ കാണികള്‍ക്ക് സമ്മാനിക്കുക ഒരിക്കലും മായാത്ത ഓര്‍മ്മകളായിരിക്കും.
Read More: ലോകകപ്പ് ഓര്‍മ്മകള്‍: പടിക്കല്‍ കലമുടച്ച റണ്ണൗട്ട്, തിരിഞ്ഞ് നോക്കാതെ നടന്ന ക്ലൂസ്നര്
ഇന്ത്യ-പാക് പോരാട്ടങ്ങളുടെ ഓര്‍മ്മകളില്‍ ഒരു മത്സരവും അതിലെ ഒരു നിമിഷവും വേറിട്ടു നില്ക്കുന്നു. കൈവെള്ളയിലിരുന്ന ജയം അമിത ആത്മവിശ്വാസം കൊണ്ട് കൈവിട്ടതിനെ ഓര്‍ത്ത് പാക്കിസ്ഥാനും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് വിജയിച്ചതിനെ ഓര്‍ത്ത് ഇന്ത്യയും ഇന്നും മനസില്‍ സൂക്ഷിക്കുന്ന മത്സരം. 1996 ലോകകപ്പില്‍ ആമിര്‍ സൊഹൈലിനെ വെങ്കിടേശ് പ്രസാദ് പുറത്താക്കിയതും ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായൊരു യാത്രയയപ്പ് നല്കിയതും ക്രിക്കറ്റ് പ്രേമികളുടെ സിരകളെ ഇന്നും ചൂടുപിടിപ്പിക്കുന്നതാണ്.
1996 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍, ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് മത്സരവേദി. ഇന്ത്യയെ നയിക്കുന്നത് അസ്ഹറുദ്ദീനാണ്. ടോസ് നേടിയ അസ്ഹര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യ 50 ഓവറില്‍ 287 റണ്‍സുമായി ഇന്നിങ്സ് അവസാനിപ്പിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ മികച്ച സ്കോറിലെത്തിയത്. നവ്ജോത് സിങ് സിദ്ദുവിന്റെ 93 റണ്‍സും അവസാന ഓവറുകളില്‍ കത്തിക്കയറിയ അജയ് ജഡേജയുടെ 14 പന്തിലെ 25 റണ്‍സുമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായത്. വഖാര്‍ യുനിസിനെ പോലുള്ള താരങ്ങളുള്ള പാക് ബോളിങ് നിരക്കെതിരെയാണ് സിദ്ദു 93 റണ്‍സ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങിന് ഇറങ്ങുമ്പോള്‍ ചിന്നസ്വാമിയിലെ റണ്‍ ഒഴുകുന്ന ഗ്രൗണ്ട് പാക്കിസ്ഥാന് ആത്മവിശ്വാസം പകര്‍ന്നിരുന്നു. അപ്പോഴും വിജയം എളുപ്പമായിരുന്നില്ല. ആരും കൊതിക്കുന്ന തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചത്. സയ്യിദ് അന്‍വറും സൊഹൈലുമായിരുന്നു പാക്കിസ്ഥാനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. യാതൊരു ദയയുമില്ലാതെ ഏകദിന ക്രിക്കറ്റിന്റേയും ഇന്ത്യാ-പാക് പോരിന്റേയും സര്‍വ്വ സൗന്ദര്യത്തോടേയും ഇരുവരും ബാറ്റ് വീശി. ജവഗല്‍ ശ്രീനാഥ് അടക്കമുള്ള ഇന്ത്യന്‍ ബോളര്‍മാര്‍ അന്‍വറിന്റേയും സൊഹൈലിന്റേയും ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു പഴുത്, വീണു കിട്ടുന്നൊരു അവസരം, അതിനായി ഇന്ത്യന്‍ നായകന് അസ്ഹര്‍ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.
Also Read: ലോകകപ്പ് ഓര്‍മകള്‍; എങ്ങനെ മറക്കും ആ ‘ഗംഭീര’ ഇന്നിങ്സ്?
സ്കോര്‍ 84 ലെത്തി നില്‍ക്കെ ഇന്ത്യയ്ക്ക് ശ്രീനാഥ് വക ആദ്യ ബ്രേക്ക് ത്രൂ. അന്‍വര്‍ പുറത്ത്. അപ്പോഴും ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ സമയമായിരുന്നില്ല. പാക്കിസ്ഥാനാകാട്ടെ തങ്ങളുടെ നായകന് സൊഹൈലില്‍ പൂര്‍ണമായി വിശ്വസിച്ചു. അവന് തങ്ങളെ വിജയ തീരത്തെത്തിക്കുമെന്ന് അവർ ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ചു. അന്‍വര്‍ പോയെങ്കിലും സൊഹൈല്‍ സമ്മര്‍ദ്ദത്തിലായില്ല. മുന്നില്‍ നിന്നു തന്നെ സൊഹൈല്‍ പാക്കിസ്ഥാനെ നയിച്ചു. സ്കോര്‍ 100 കടന്നു. പിന്നാലെ നായകന് അര്‍ധ സെഞ്ചുറി തികച്ചു.
പാക് ഇന്നിങ്സ് 15-ാം ഓവറില്‍. അസ്ഹര്‍ കാത്തു നിന്നിരുന്ന, ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന ആ നിമിഷം പിറക്കുകയായിരുന്നു. വെങ്കിടേഷ് പ്രസാദാണ് പന്തെറിയുന്നത്. പ്രസാദ് എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാം പന്ത് സൊഹൈല്‍ ക്രീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന് അതിര്‍ത്തി കടത്തി വിട്ടു. പിന്നേയായിരുന്നു തന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനങ്ങളിലൊന്ന് സൊഹൈല്‍ എടുത്തത്. പ്രസാദിനെ പ്രകോപിക്കുക എന്നതായിരുന്നു അത്. പന്തെറിഞ്ഞ് തിരിഞ്ഞു നടന്നു പോയ പ്രസാദിന് അരികിലേക്ക് നടന്നെത്തിയ സൊഹൈല്‍ ഫോര്‍ പോയ വഴി തന്റെ ബാറ്റു കൊണ്ട് പ്രസാദിനെ ചൂണ്ടിക്കാണിച്ചു. അടുത്ത പന്തും അവിടെ തന്നെ അടിക്കും, കണ്ടോളൂ എന്നായിരുന്നു ആ ആക്ഷന്റെ അര്‍ത്ഥം. തിരിച്ചൊരു വാക്കു പോലും പറയാതെ പ്രസാദ് തന്റെ സ്ഥാനത്തേക്ക് മടങ്ങി.
Read More: ലോകകപ്പ് ഓര്‍മ്മകള്‍: സച്ചിന്റെ 98, മൂന്നക്കം കടക്കാതിരുന്ന ‘ക്രിക്കറ്റിന്റെ പൂര്‍ണത’
പ്രസാദ് എറിഞ്ഞ ഓവറിലെ അവസാന പന്ത് ആര്‍ത്തിരമ്പുന്ന ഇന്ത്യന്‍ ആരാധകരെ സാക്ഷിയാക്കി സൊഹൈലിന്റെ സ്റ്റമ്പെടുത്തു. ആ മത്സരത്തിന്റേയും കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ ഇന്ത്യാ-പാക് മത്സരങ്ങളുടേയും ആവേശമുണ്ടായിരുന്നു വെങ്കിടേഷ് പ്രസാദിന്റെ ആഘോഷത്തില്‍. തന്നോട് അടുത്ത പന്ത് നോക്കിക്കോ എന്ന് പറഞ്ഞ സൊഹൈലിനോട് കേറി പോകാന്‍ പറഞ്ഞു കൊണ്ടായിരുന്നു പ്രസാദ് മറുപടി നല്‍കിയത്.
അതോടെ പാക്കിസ്ഥാന്റെ നില തെറ്റി, ആത്മവിശ്വാസം ചോര്‍ന്നു. ഇന്ത്യയാകട്ടെ വര്‍ധിത വീര്യത്തോടെ തിരികെ വന്നു. അഞ്ചാം വിക്കറ്റില്‍ ജാവേദ് മിയാന്‍ദാദും സലീം മാലിക്കും നടത്തിയ ചെറുത്തു നില്‍പ്പോടെ പാക്കിസ്ഥാന്റെ ആയുധങ്ങളെല്ലാം തീര്‍ന്നു. 49 ഓവറില്‍ 248 റണ്‍സുമായി പാക്കിസ്ഥാന് ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് 39 റണ്‍സിന്റെ വിജയം. മൂന്ന് വിക്കറ്റുമായി പ്രസാദും അനില്‍ കുംബ്ലെയും പാക് ബാറ്റ്സ്മാന്മാരെ കീറി മുറിക്കുകയായിരുന്നു.