സമീപ കാലത്തെ ഇന്ത്യയുടെ വിജയങ്ങളുടെ നെടുന്തൂണുകളിലൊന്ന് രോഹിത് ശര്‍മ്മ എന്ന ഓപ്പണറാണ്. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്കും കരുത്താണ് രോഹിത് ശര്‍മ്മയുടെ സാന്നിധ്യം. കളിക്കളത്തിലെ പവര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട രോഹിത് ശര്‍മ്മ എന്ന ഹിറ്റ്മാന്‍ കളത്തിന് പുറത്ത് വളരെ രസികനാണ്. രോഹിത്തിന്റെ വൈറലായ മിക്ക വീഡിയോകളും ചിത്രങ്ങളും ഇതിനുള്ള തെളിവുകളാണ്.

ലോകകപ്പിന് മുന്നോടിയായി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ടീമിലെ രസകരമായ സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. സഹതാരങ്ങളെ കുറിച്ചാണ് രോഹിത്തിന്റെ വെളിപ്പെടുത്തലുകള്‍. ഐസിസിയുടെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ടീമിലെ സെല്‍ഫി ഭ്രാന്തനാരാണ് എന്നത് മുതല്‍ ടീമിലെ ഏറ്റവും മോശം ഡാന്‍സര്‍ ആരാണെന്ന് വരെയുള്ള ചോദ്യങ്ങള്‍ക്കാണ് രോഹിത് ഉത്തരം നല്‍കിയിരിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടീമിലെ സെല്‍ഫി ഭ്രാന്തന്‍. ഏറ്റവും മോശം ഡാന്‍സറും ഹാര്‍ദ്ദിക് തന്നെയാണ്. പാട്ടുകാരന്‍ ഗബ്ബര്‍ സിങ് എന്നറിയപ്പെടുന്ന ശിഖര്‍ ധവാനാണ്. എപ്പോഴും ജിമ്മില്‍ സമയം ചെലവിടുന്നയാളാണ് നായകന്‍ വിരാട് കോഹ്ലി. ഓപ്പണിങ് പാര്‍ട്ട്ണറായ ശിഖര്‍ ധവാന്‍ വളരെ മോശം റൂം മേറ്റാണെന്നും രോഹിത് പറയുന്നു.

അതേസമയം, ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ആറ് വിക്കറ്റിനാണ് കിവികള്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് ന്യൂസിലന്‍ഡ് 37.1 ഒവറില്‍ മറികടക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജക്ക് മാത്രമാണ് തിളങ്ങാനായത്.

ടോസ് നേടിയ ഇന്ത്യ മത്സരത്തില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്നവരും ചെറുത്തു നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി 18 റണ്‍സുമായി പുറത്തായി. കെഎല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമെടുത്തു. പിന്നീട് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും രണ്ടക്കം കടന്നില്ല.

ഇതോടെ ഇന്ത്യ വന്‍ ദുരന്തം മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.

നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും കോളിന്‍ മുന്റോയെയും അധിവേഗം മടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വില്ല്യംസണ്‍ – ടെയ്ലര്‍ സഖ്യം അനായാസം വിജയത്തിലേക്ക് നീങ്ങി. ഇരുവരും അര്‍ധസെഞ്ചുറിയും തികച്ചതോടെ സന്നാഹ മത്സരത്തില്‍ തന്നെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു.

മൂന്നാമനായി എത്തിയ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ 87 പന്തില്‍ നിന്ന് 67 റണ്‍സ് അടിച്ചെടുത്തു. റോസ് ടെയ്ലര്‍ 75 പന്തില്‍ നിന്ന് 71 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ വിജയലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഇരുവരും മടങ്ങുകയായിരുന്നു. വില്ല്യംസണിനെ ചാഹലും റോസ് ടെയ്ലറെ ജഡേജയുമാണ് മടക്കിയത്. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook