ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം കടന്നു വരുന്നത് ആ നീല ജഴ്‌സിയാണ്. ക്രിക്കറ്റെന്നല്ല ഇന്ത്യയുടെ മിക്ക ദേശീയ ടീമുകളുടേയും ജഴ്‌സി നീലയോ നീലയുടെ വകഭേദങ്ങളെ ആണ്. നീല നിറം ആരാധകരുടെ മനസില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞതാണ്. മെന്‍ ഇന്‍ ബ്ലു എന്നറിയപ്പെടുന്ന ഇന്ത്യയെ മറ്റൊരു നിറത്തിലുള്ള ജഴ്‌സിയില്‍ ചിന്തിക്കാന്‍ പോലും പലര്‍ക്കും ആകില്ല. എന്നാല്‍ ഇതാദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സിയുടെ നിറംമാറ്റുകയാണ്.
അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ലോകകപ്പില്‍ എല്ലാ ടീമുകളും പ്രത്യേകം തയ്യാറാക്കിയ ജഴ്‌സിയുമണിഞ്ഞായിരിക്കും കളിക്കുക. ഇന്ത്യയ്ക്കും പുതിയ ജഴ്‌സിയുണ്ട്. കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി അവതരിപ്പിച്ചത്. എന്നാല്‍ പുതിയ നീല ജഴ്‌സി മാത്രമല്ല ലോകകപ്പില്‍ ഇന്ത്യയ്ക്ക് മറ്റൊരു ജഴ്‌സി കൂടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐസിസി ലോകകപ്പിന്റെ മത്സരക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട് ഇത്തവണ. നേരത്തേ നടന്ന ലോകകപ്പുകളിലേത് പോലെ ഗ്രൂപ്പ് തലത്തില്‍ ആദ്യ റൗണ്ട്, പിന്നീട് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്ന ഫോര്‍മാറ്റിലായിരിക്കില്ല ഈ ലോകകപ്പ് നടക്കുക. പുതിയ റൗണ്ട് റോബിന്‍ മത്സര ക്രമം അനുസരിച്ച് എല്ലാ ടീമുകള്‍ക്കും ഹോം മത്സരങ്ങളും എവേ മത്സരങ്ങളും ഉണ്ടാകും.
എവേ മത്സരങ്ങളില്‍ ഇന്ത്യ നീലയ്ക്ക് പകരം ഓറഞ്ച് നിറത്തിലുള്ള ജഴ്‌സിയായിരിക്കും അണിയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകളും നീല നിറത്തിലുള്ള ജഴ്‌സിയാണ് അണിയുന്നത്. അതിനാല്‍ എല്ലാ ടീമുകള്‍ക്കും ഹോം, എവേ ജഴ്‌സികള്‍ വേണ്ടി വരും. ഫുട്‌ബോളില്‍ ഉള്ളതിന് സമാനമായ രീതിയിലാണിത്.
പുതിയ ജഴ്‌സി ഇന്ത്യ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. മുന്‍ വശത്ത് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കടും നീല നിറവും കൈകളിലും പിന്‍വശത്തുമെല്ലാം ഓറഞ്ച് നിറവുമുള്ളതാകും ഇന്ത്യയുടെ എവേ ജഴ്‌സിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഈ ജഴ്‌സിയാകും ഇന്ത്യ അണിയുക.
മെയ് 30 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ മത്സരം. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യ ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ്. പുതിയ ജഴ്‌സി ഇന്ത്യന്‍ ആരാധകരില്‍ നിന്നും എത്തരത്തിലുള്ള പ്രതികരണമാകും നേടുക എന്ന ആശങ്കയിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം.