ICC Cricket World Cup Bangladesh Squad: ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇവരെ പോലെ വമ്പന്‍ താരങ്ങളോ ചരിത്രമോ പറയാനില്ലാത്തവരാണ് ബംഗ്ലാദേശുകാര്‍. കിരീട വിജയങ്ങളും ഇല്ല. പക്ഷെ ഇവരെല്ലാം ബംഗ്ലാദേശിനെ ഭയക്കണം. എത്ര വലിയ എതിരാളികളേയും വിറപ്പിക്കാന്‍ മാത്രമല്ല പരാജയപ്പെടുത്താനും ഇന്ന് ബംഗ്ലാദേശിന് സാധിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ കഴിഞ്ഞാല്‍ പിന്നെ ബംഗ്ലാദേശാണ് ഏറ്റവും അപകടകാരികള്‍. പാക്കിസ്ഥാനും ശ്രീലങ്കയുമൊക്കെ പഴയ പ്രതാപത്തിന്റെ നിഴലിലേക്ക് ചുരുങ്ങിയപ്പോള്‍ സ്വന്തം നിഴല്‍ മറ്റുള്ളവരുടെ മേല്‍ വീഴ്ത്തിയവരാണ് ബംഗ്ലാദേശ്.

Also Read: ICC World Cup 2019: കരിബിയൻ കാറ്റിൽ ലോകകിരീടം വീഴ്ത്താൻ ഹോൾഡറും സംഘവും

ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായ ഷാക്കിബ് അല്‍ ഹസന്‍ ഉണ്ടെങ്കിലും മറ്റ് ടീമുകളെ അപേക്ഷിച്ച് വലിയ താരങ്ങളില്ലെന്നതാണ് ബംഗ്ലാദേശിന്റെ സവിശേഷത. അതുകൊണ്ട് തന്നെ ഒരാളെ മാത്രം ആശ്രയിച്ച് അവര്‍ കളിക്കുന്നില്ല. മൈതാനത്തിറങ്ങുന്ന പതിനൊന്ന് പേരും കടുവകളാണ്. തങ്ങളുടെ ടീമിന് വിജയമൊരുക്കാന്‍ എതിരാളികളെ പതിനൊന്ന് പേരും ചേര്‍ന്ന് തന്നെ ആക്രമിക്കും. തന്നാലാകുന്നതും അതിനപ്പുറവും ചെയ്യുന്ന ഒരു സംഘമാണ് ബംഗ്ലാദേശ്.

ഓരോ താരങ്ങള്‍ക്കും തങ്ങളുടേതായ റോളുകളുണ്ട്. നായകന്‍ മഷ്‌റഫെ മൊര്‍ത്താസയുടെ ക്യാപ്റ്റന്‍സി, വലിയ മത്സരങ്ങളില്‍ ബാറ്റു കൊണ്ടും പന്തുകൊണ്ടും നിര്‍ണായകമായ ചലനം സൃഷ്ടിക്കുന്ന ഷാക്കിബ്, തമീം ഇക്ബാലിന്റെ ഉത്തരവാദിത്വം, മുസ്തഫിസൂര്‍ റഹ്മാന്റെ ബോളിങ്. പ്രതിഭയും യുവത്വത്തിന്റെ ആവേശവും നിറഞ്ഞൊരു ടീമാണ് ബംഗ്ലാദേശ്.

Read More: ICC Cricket World Cup 2019: ആരേയും തോല്‍പ്പിക്കും ആരോടും തോല്‍ക്കും; പ്രവചനാതീതം പാക്കിസ്ഥാന്‍

Cricket World Cup 2015, World Cup 2015, World Cup final, ICC, N Srinivasan, Cricket World Cup final, Australia vs New Zealand, New Zealand vs Australia, Cricket News, Cricket

ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ജയത്തിന്റെ ആത്മവിശ്വാസവും ബംഗ്ലാ കടുവകള്‍ക്കുണ്ട്. ന്യൂസിലാന്‍ഡില്‍ തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് ബംഗ്ലാദേശ് താരങ്ങള്‍. പലര്‍ക്കും കൗണ്‍സിലിങ്ങും മറ്റും വേണ്ടി വന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചെത്തിയ ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പരയില്‍ വിന്‍ഡീസിനേയും അയര്‍ലാന്‍ഡിനേയും തകര്‍ത്തെറിഞ്ഞാണ് ലോകകപ്പിലേക്ക് വരുന്നത്. വിന്‍ഡീസിനെ ഫൈനലിലടക്കം മൂന്ന് വട്ടം തോല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിനുള്ള മറുപടിയായിരുന്നു ഏകദിനത്തിലെ ഈ വിജയം.

കഴിഞ്ഞ ഏഷ്യാ കപ്പിലെ ഓര്‍മ്മകളും ബംഗ്ലാദേശിന് ആവേശം പകരുന്നതാണ്. ഇന്ത്യയോട് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും തോല്‍വിയിലും തലയുയര്‍ത്തിയാണ് അവര്‍ മടങ്ങിയത്. ഇന്ത്യയെ പോലൊരു ടീമിനെ മുട്ടിടിക്കാതെ, മുഖാമുഖം നേരിട്ടാണ് ബംഗ്ലാദേശ് പൊരുതിയത്. എതിരാളിയുടെ വലിപ്പം കണ്ട് പേടിക്കാതെ ടോപ്പ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്ന ടീമായി ബംഗ്ലാദേശ് മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ആ ഫൈനല്‍. ലിറ്റണ്‍ ദാസിന്റെ സെഞ്ചുറിയും ഒറ്റക്കൈയ്യില്‍ ബാറ്റ് ചെയ്ത തമീം ഇക്ബാലും ബംഗ്ലാദേശിന്റെ വീറും വാശിയും വിളിച്ചു പറയുന്നതാണ്. തോല്‍ക്കാന്‍ മനസില്ലാത്തവന്റെ പോരാട്ട വീര്യത്തിന്റെ അടയാളമാണ് ബാറ്റേന്തിയ തമീമിന്റെ ആ കൈ.

Also Read: ICC World Cup 2019: അടിതെറ്റില്ലെന്നുറപ്പ്: അഫ്ഗാനിസ്ഥാൻ എത്തുന്നത് അട്ടിമറികൾക്ക്
2007 ല്‍ ഇതിഹാസങ്ങള്‍ അണിനിരന്ന ഇന്ത്യയുടെ അഹങ്കാരത്തിനെ ചവുട്ടി നട്ടെല്ലൊടിച്ചവരായിരുന്നു ബംഗ്ലാദേശുകാര്‍. അവിടെ നിന്നും ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു ഇന്നത്തെ ബംഗ്ലാദേശ്. 2015 ലോകകപ്പിന് ശേഷം ഒമ്പത് ഏകദിന പരമ്പരകള്‍ നേടി. ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, സിംബാവെ, അഫ്ഗാനിസ്ഥാന്‍ ടീമുകളെ തുടരെ തുടരെയുള്ള പരമ്പരകളിലാണ് പരാജയപ്പെടുത്തിയത്.

Read More: ICC World Cup 2019: ‘ഇക്കുറിയില്ലെങ്കില്‍ പിന്നൊരിക്കലുമില്ല’; കന്നി കീരിടം തേടി ക്രിക്കറ്റിന്റെ ഗോഡ് ഫാദേഴ്സ്

കഴിഞ്ഞ പത്ത് കൊല്ലമായി ബംഗ്ലാദേശിന്റെ വളര്‍ച്ച മഷ്‌റഫെ, തമീം, ഷാക്കിബ്, മഹ്മദുള്ള, റഹീം എന്നീ താരങ്ങളുടെ കരുത്തിലാണ്. 10 വര്‍ഷത്തിലധികം ടീമിനെ ചുമലിലേറ്റിയ ഈ സംഘത്തിന്റെ അനുഭവ സമ്പത്തും സാഹചര്യത്തിന് ഒത്ത് ഉയരാനുള്ള മികവും മറ്റ് താരങ്ങള്‍ക്ക് മാതൃകയാണ്. തമീമും മുഷ്ഫിഖൂറും ഷാക്കിബുമാണ് ബാറ്റിങ് നിരയിലെ നെടുന്തൂണുകള്‍. ഷാക്കിബിന്റെ ബാറ്റും പന്തും ഒരുപോലെ ഉപകരിക്കുമെന്നത് ബംഗ്ലാദേശിന് പ്ലസ് പോയിന്റാണ്. പേസാണ് ടീമിന്റെ മറ്റൊരു കരുത്ത്. മുസ്തഫിസൂര്‍ റഹ്മാന്‍ നയിക്കുന്ന പേസ് നിര അപകടകാരികളാണ്. റൂബല്‍ ഹൊസൈന്റെ യോര്‍ക്കറുകള്‍ അവസാന ഓവറുകളില്‍ എതിരാളികളെ വെള്ളം കുടിപ്പിക്കും. പക്ഷെ മധ്യനിരയിലൊരു പവര്‍ ഹിറ്ററില്ലെന്നത് ബംഗ്ലാദേശിന് തിരിച്ചടിയാണ്. ഇന്ത്യയ്ക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ മധ്യനിരയില്‍ കൊണ്ടു വരുന്നത് പോലൊരു സ്‌ഫോടനാത്മകത ബംഗ്ലാദേശിന് അവകാശപ്പെടാനില്ല. ജൂണ്‍ രണ്ടിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം.

ബംഗ്ലാദേശ് ടീം

മഷ്‌റഫെ മൊര്‍ത്താസ (C), തമീം ഇക്ബാല്‍, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖൂര്‍ റഹീം, മഹ്മദുള്ള, ഷാക്കിബ് അല്‍ ഹസന്‍, മൊഹമ്മദ് മിഥുന്‍, സാബിര്‍ റഹ്മാന്‍, മൊസദെക് ഹൊസൈന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസൂര്‍ റഹ്മാന്‍, അബു ജയേദ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook