പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും എന്നോ ലോകകപ്പ് നേടേണ്ടിയിരുന്നവര്, പക്ഷെ നിര്‍ഭാഗ്യം കൂടെപ്പിറപ്പായവര്. ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്ക എന്ന ടീമിനെ വിശേഷിപ്പിക്കാന്‍ ഇതിനേക്കാള്‍ ചേര്‍ച്ചയുള്ള പദങ്ങളില്ല. ലോകത്തെ ഏറ്റവും മികച്ച നാല് ടീമുകളില്‍ ഒന്നായോ ഒന്നാമതായോ എന്നും ദക്ഷിണാഫ്രിക്കയുണ്ടായിരുന്നു. പക്ഷെ അന്തിയോളം വെള്ളം കോരിയിട്ട് അന്തിയായപ്പോള്‍ കലമുടച്ചെന്ന് പറയുന്നത് പോലെ ലോകകപ്പ് എത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക കവാത്ത് മറക്കും. ഇക്കൊല്ലം എന്തായാലും നേടുമെന്ന് തോന്നിപ്പിക്കും, ഒടുവില്‍ സെമി ഫൈനലിന് അപ്പുറം കടക്കാനാക്കത്തവരായി തിരിച്ചു മടങ്ങും.
Also Read: ICC Cricket World Cup 2019: ക്രിക്കറ്റിന്റെ കളിതൊട്ടിലി ഇനി ലോകകപ്പ് ആവേശം
ലോകകപ്പ് സെമി ഫൈനലും ദക്ഷിണാഫ്രിക്കയും തമ്മിലുളള സ്വരചേര്‍ച്ചയില്ലായ്മ കാലങ്ങളായി തുടരുന്ന കഥയാണ്. 1992 ല്‍ ലോകകപ്പില്‍ അരങ്ങേറിയ ദക്ഷിണാഫ്രിക്ക ഇതുവരെ നാല് ലോകകപ്പുകളുടെ സെമി ഫൈനലുകളില്‍ കാലു തട്ടി വീണു. സെമി ഫൈനലെന്ന് കേള്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടേയും ആരാധകരുടേയും മനസിലേക്ക് കടന്നു വരുന്നൊരു ചിത്രമുണ്ട്. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സെമി ഫൈനല്‍. ഇന്നും ഒരു സെമി ഫൈനലിനായി ഇറങ്ങുമ്പോള്‍ ആ ഓര്‍മ്മകള്‍ ദക്ഷിണാഫ്രിക്കയുടെ മനസിലൂടെ മിന്നിമറയും.
1999 ലോകകപ്പിന്റെ സെമി ഫൈനല്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാന് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നു. ലാന്‍സ് ക്ലൂസ്നര് കരിയറിന്റെ ഏറ്റവും പീക്ക് പോയന്റില്‍ കളിക്കുന്നു. എത്ര വലിയ സ്കോറും അന്നത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തിലായിരുന്നു. പക്ഷെ എതിരാളികള്‍ ഓസ്ട്രേലിയയാണ്. അതുകൊണ്ട് ചെറുതായി കാണാനാകില്ല. ഷെയ്ന് വോണിന്റെ മാന്ത്രിക സ്പിന്നിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. 22 ഓവറില്‍ ദക്ഷിണാഫ്രിക്ക നാലിന് 61 എന്ന നിലയില്‍. അവിടെ നിന്നും കാലിസും ജോണ്ടി റോഡ്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ തിരികെ കൊണ്ടു വന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
വോണിന് മുന്നില്‍ വീഴുമ്പോഴേക്കും കാലിസ് അര്‍ധ ശതകം പിന്നിട്ടിരുന്നു. ഒരു വശത്ത് ക്ലൂസ്നറെ കാഴ്ചക്കാരനാക്കി മറുവശത്ത് സഹാതാരങ്ങള്‍ ഓരോരുത്തരായി മടങ്ങി. അപ്പോഴും ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നില്ല. ക്ലൂസ്നറിലായിരുന്നു അവരുടെ സെമി ഫൈനല്‍ മോഹങ്ങള്‍ വിശ്രമിച്ചിരുന്നത്. 48.4 ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് പേരേയും നഷ്ടമായി. അവസാന എട്ട് പന്തില്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. അപ്പോഴും ഒരു ജനതയുടെ സ്വപ്നവും തോളിലേറ്റി ക്ലൂസ്നര് ക്രീസിലുണ്ടായിരുന്നു. ഗ്ലെന്‍ മഗ്രാത്ത് എറിഞ്ഞ പന്ത് ലോങ് ഓണിലേക്ക് ക്ലൂസ്നര് പറത്തി വിട്ടു. പന്ത് പിടിയിലൊതുക്കാനുള്ള ഫീല്‍ഡറുടെ ശ്രമം പാഴായി. സിക്സ്. തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടിയ ക്ലൂസ്നര് അവസാന ഓവറില്‍ വീണ്ടും സ്ട്രൈക്കില്‍.
Also Read: ICC World Cup 2019: അടിതെറ്റില്ലെന്നുറപ്പ്: അഫ്ഗാനിസ്ഥാൻ എത്തുന്നത് അട്ടിമറികൾക്ക്
ഡാമിയന്‍ ഫ്ളെമ്മിങ്ങിനായിരുന്നു നിര്‍ണായകമായ അവസാന ഓവര്‍ എറിയാനുള്ള യോഗം. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് ഒമ്പത് റണ്‍സ്. ഫ്ളെമ്മിങ് എറിഞ്ഞ ആദ്യ പന്ത് ക്ലൂസനര്‍ ഡീപ്പ് മിഡ് വിക്കിലൂടെ അതിര്‍ത്തി കടത്തി, ഫോര്‍. തൊട്ടടുത്ത പന്തിന് മുമ്പായി ക്ലൂസ്നര് അമ്പയറുടെ അടുത്തെത്തി. സമനില നേടിയാല്‍ ഫൈനിലേക്കുള്ള പ്രവേശനം നേടാനാകുമോ എന്നാരായാന്‍. സമനില മതിയാകില്ലെന്ന് അമ്പയര്‍ അറിയിച്ചു. സമനിലയാണ് ഫലമെങ്കില്‍ ദക്ഷിണാഫ്രിക്കയെ നേരത്തെ പരാജയപ്പെടുത്തിയതിന്റെ ആനുകൂല്യത്തില്‍ ഓസ്ട്രേലിയ ഫൈനല്‍ കളിക്കും.
രണ്ടാം പന്തും ക്ലൂസ്നര് അതിര്‍ത്തി കടത്തി. ഒരു നിമിഷം കൊണ്ട് കളിയുടെ ഗതി മുഴുവന്‍ മാറി. സമ്മര്‍ദ്ദം ഇപ്പോള്‍ ഓസ്ട്രേലിയയുടെ ഹൃദയത്തിലാണ്. നാല് പന്തും ഒരു റണ്‍സും, ക്ലൂസ്നര് സ്ട്രൈക്കിലുള്ളപ്പോള് ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചു. മൂന്നാമത്തെ പന്ത് നേരിടും മുമ്പ് ഇനിയെത്ര പന്തുണ്ടെന്ന് ഒരിക്കല്‍ കൂടി അമ്പയറോട് ചോദിച്ച് ക്ലൂസ്നര് ഉറപ്പു വരുത്തി. മൂന്നാം പന്തില്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന അലന് ഡൊണാള്‍ഡിനെ റണ്‍ ഔട്ടാക്കാനുള്ള സുവര്‍ണാവസരം ഓസ്ട്രേലിയക്ക് ലഭിച്ചു. ലീമാന്റെ ഉന്നം പിഴച്ചതു കൊണ്ട് മാത്രമാണ് ഡൊണാള്‍ഡ് രക്ഷപ്പെട്ടത്. അടുത്ത പന്ത് കവറിലേക്ക് തട്ടിയിട്ട് ക്ലൂസ്നര് ക്രീസ് വിട്ട് കണ്ണുമടച്ച് ഓടി. എന്നാല്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ഡൊണാള്‍ഡ് ഓടിയില്ല. ക്ലൂസ്നര് ക്രീസിലേക്ക് എത്തിയതും ഡൊണാള്‍ഡ് ക്രീസ് വിട്ടിറങ്ങി.
Also Read: ക്രിക്കറ്റ് ലോകകപ്പിനൊപ്പം എത്തുന്നു ഫിഫ ലോകകപ്പും; കായിക പ്രേമികൾക്ക് ഇരട്ടി ആവേശം
ഇതിനിടെ ഡൊണാള്‍ഡിന്റെ ബാറ്റ് നിലത്തു വീണു. ഇതിനിടെ മാര്‍ക്ക് വോ പന്ത് ബോളര്‍ക്ക് എറിഞ്ഞു നല്കി. രണ്ടു ബാറ്റ്സ്മാന്മാരും ബോളിങ് എന്‍ഡില്‍. ബോളര്‍ പന്ത് കീപ്പര്‍ ഇയാന്‍ ഹീലിക്ക് എറിഞ്ഞു നല്കി. ഡൊണാള്‍ഡ് റണ്‍ ഔട്ട്. ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ, ഡൊണാള്‍ഡിന് വേണ്ടി കാത്തു നില്‍ക്കാതെ ക്ലൂസ്നര് നിറകണ്ണുകളുമായി പവലിയനിലേക്ക് മടങ്ങി. സര്‍വ്വം നഷ്ടപ്പെട്ടവനായി തല കുനിച്ച് ഡൊണാള്‍ഡ് പിന്നാലേയും. ലോകകപ്പിലെ ആദ്യ സമനില കണ്ടപ്പോള്‍ ഓസ്ട്രേലിയ ഫൈനലില്‍.