ICC Cricket World Cup India Complete Squad: വീണ്ടുമൊരു ലോകകപ്പിന് അരങ്ങുണരുകയാണ്. വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്. ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ICC Cricket World Cup India Complete Squad: കരുത്തായി കോഹ്ലി നയിക്കുന്ന ബാറ്റിങ് നിര
വിരാട് കോഹ്ലി നയിക്കുന്ന ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ആരും കൊതിക്കുന്ന ഒരു നിര താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ വിജയങ്ങള്‍ക്ക് അടിത്തറ പാകുന്നത് ധവാനും രോഹിത്തും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ്. ഇരുവരും തിളങ്ങുന്ന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മറ്റൊന്നിനെ കുറിച്ച് ആലോചിച്ചും ഭയപ്പെടേണ്ടതില്ല. രോഹിത്താനായിരിക്കും ആക്രമണത്തിന്റെ ചുമതല, പതിയെ തുടങ്ങി പിന്നീട് ആക്രമിച്ചു കേറുന്ന ശൈലിയില്‍ രോഹിത്തും വേണ്ട സമയത്ത് ആക്രമിക്കുകയും വേണ്ട സമയത്ത് നങ്കൂരമിടുകയും ചെയ്യുന്ന ധവാനും ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്ണാകയമായിരിക്കും.
Read More: ICC Cricket World Cup 2019: ലോകകപ്പിന് ഇനി ആറ് നാളുകൾ; ടീമുകൾ, മത്സരക്രമം, വേദികൾ ഒറ്റനോട്ടത്തിൽ
മൂന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയാണുള്ളത്. ഈ സ്ഥാനത്ത് ലോകത്ത് ഇന്ന് കളിക്കുന്ന ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. ചെയ്സിങ്ങില്‍ വിരാട് കോഹ്ലിയുടെ മികവ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. ഓപ്പണര്‍മാര്‍ കളിച്ചാലും ഇല്ലെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന് ഇന്നിങ്സ് അനുകൂലമാക്കി മാറ്റാന്‍ വിരാടിന് സാധിക്കും. ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് നാലാം സ്ഥാനമാണ്. നിര്‍ണായകമായ നാലാം സ്ഥാനത്ത് ആരെ ഇറക്കുമെന്നതിന് ഇപ്പോഴും വ്യക്തമായൊരു ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും കെഎല്‍ രാഹുലും വിജയ് ശങ്കറും ഈ റോളിന് അവസരം കാത്തിരിക്കുന്നവരാണ്. രാഹുല്‍ മൂന്നാമനായി ഇറക്കാനും സാധിക്കുന്ന താരമാണ്. അങ്ങനെ രാഹുലിനെ മൂന്നാം സ്ഥാനത്തേക്ക് കേറ്റി കോഹ്ലിയെ നാലാമനായി ഇറക്കുക എന്നൊരു തീരുമാനത്തിലേക്ക് ഇന്ത്യന്‍ ടീം എത്തിയാല്‍ അത്ഭുതപ്പെടാനില്ല. പക്ഷെ നിലവിലെ സാഹചര്യവും കോഹ്ലിയുടെ ഫോമും കണക്കിലെടുത്താല്‍ താരത്തെ മൂന്നാം സ്ഥാനത്ത് തന്നെ ഇറക്കുകയാവും ലക്ഷ്യം.
View this post on Instagram
Here is India’s 15-member squad for the world Cup 2019. #India #squad #worldcup #wc2019
ICC Cricket World Cup India Complete Squad: ധോണിയെന്ന ബുദ്ധിരാക്ഷസനും പവര്‍ പാണ്ഡ്യയും
ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു പ്രധാന താരം എംഎസ് ധോണിയാണ്. കാലങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയിലേക്ക് രണ്ടാമതൊരു ലോകകപ്പ് എത്തിച്ചു തന്ന മുന്‍ നായകന്റെ അവസാന ലോകകപ്പാകാം ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ കപ്പ് നേടി ധോണിയ്ക്ക് വീരോചിതമായൊരു യാത്രയയപ്പ് നല്‍കുക എന്ന ഉത്തരവാദിത്വം കോഹ്ലിയ്ക്കും സംഘത്തിനുമുണ്ട്. കളിക്കളത്തില്‍ ധോണിയെന്ന താരത്തിന്റെ സാന്നിധ്യം തന്നെ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. നായകനെന്ന നിലയില്‍ വിരാട് കോഹ്ലിയ്ക്ക് ധോണിയുടെ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും വളരെ സഹായകരമാണ്. തന്റെ പ്രതാപ കാലത്തിലെന്ന വണ്ണം കളിക്കാന്‍ ധോണിയ്ക്ക് സാധിച്ചേക്കില്ല. അപ്പോഴും ധോണിയെന്ന ബുദ്ധിരാക്ഷസനെ ഇന്ത്യയ്ക്ക് ആവശ്യമാണ്. വിക്കറ്റിന് പിന്നില്‍ ഈ പ്രായത്തിലും ധോണി പുലര്‍ത്തുന്ന പ്രകടന മികവ് പകരം വെക്കാനില്ലാത്തതാണ്.
അതേസമയം, ധോണിയുടെ സ്ഥാനം എവിടെയെന്നതും നിര്‍ണായക തീരുമാനമാകും. പഴയത് പോലെ ആറാമതോ ഏഴാമതോ ഇറങ്ങി മത്സരം ഫിനിഷ് ചെയ്യാന്‍ ധോണിയ്ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. കഴിഞ്ഞ ഐപിഎല്ലില്‍ വിമര്‍ശകരെ പ്രകടനം കൊണ്ട് വായടപ്പിച്ചെങ്കിലും ലോകകപ്പിലും അത് ആവര്‍ത്തിക്കണമെന്നില്ല. ഇന്നിങ്സ് ബില്‍ഡ് ചെയ്യാന്‍ ധോണി കൂടുതല്‍ സമയമെടുക്കുന്നുണ്ട്. അതുകൊണ്ട് അഞ്ചാമതോ ചിലപ്പോള്‍ നാലാമതോ ആയി ധോണിയെ ഇറക്കിയേക്കാം.
Also Read: ‘ഇവന് ചതിക്കില്ല’; കോഹ്ലി ഏറ്റവും വിശ്വസ്തനെന്ന് പഠനം, സച്ചിന് പോലും പിന്നില്‍
മധ്യനിരയുടെ രണ്ടാം പകുതിയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന പവര്‍ ഹിറ്ററുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ ലോകകപ്പില്‍ ലോകം മൊത്തം കാത്തിരിക്കുന്ന പ്രകടനങ്ങളിലൊന്നാണ് പാണ്ഡ്യയുടേത്. മുന്‍ നിര തുടങ്ങി വെക്കുന്നത് അവസാന ഓവറുകളില്‍ കത്തിക്കയറി മികച്ചൊരു ടോട്ടലിലേക്കും വിജയത്തിലേക്കുമെല്ലാം എത്തിക്കേണ്ട ഉത്തരവാദിത്വം പാണ്ഡ്യയുടേതാണ്. ബാറ്റു കൊണ്ടും പന്തുകൊണ്ടും ഒരുപോലെ അപകടം വിതയ്ക്കാന്‍ പാണ്ഡ്യയ്ക്ക് ആകുമെന്നതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. എത്ര സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും ഭയമില്ലാതെ ബാറ്റ് വീശാനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് കഴിയും.
ICC Cricket World Cup India Complete Squad: ബുംറയെന്ന തുറുപ്പ് ചീട്ട്
ബാറ്റിങ്ങില്‍ വിരാട് കോഹ്ലി എന്നതു പോലെ തന്നെ ബോളിങ്ങില്‍ ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടവനാണ് ജസ്പ്രീത് ബുംറ. ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ വിജയങ്ങളിലെല്ലാം വിരാട് കോഹ്ലിയോട് കടപ്പെട്ടിരിക്കുന്ന അത്ര തന്നെയോ അതില്‍ കൂടുതലോ ബുംറയോട് കടപ്പെട്ടിരിക്കുന്നു. വിക്കറ്റ് എടുക്കാനും റണ്‍ ഒഴുകുന്നത് തടയാനും ഡെത്ത് ഓവറുകള്‍ എറിയാനുമെല്ലാം ഇന്ത്യയുടെ മുന്നിലുള്ള ഓപ്ഷനാണ് ബുംറ. ഇന്ത്യന്‍ ബോളിങ്ങിനെ ബുംറ ഏറെക്കുറെ ഒറ്റയ്ക്കാണ് ചുമക്കുന്നത്. റണ്‍ വിട്ടുകൊടുക്കാതെ തന്നെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്നുവെന്നതാണ് ബുംറയുടെ മികവ്. ഡെത്ത് ഓവറുകളില്‍ ലോകത്ത് ഇന്ന് ബുംറയോളം മികച്ച പേസര്‍ വേറെയില്ല. കഗിസോ റബാഡ, ജസ്പ്രീത് ബുംറ എന്നീ രണ്ട് പേസര്മാരുടേതായിരിക്കും ഈ ലോകകപ്പ് എന്ന് നിസ്സംശയം പറയാം.
അതേസമയം, ടോപ്പ് ത്രീയില്‍ അമിതമായ ആശ്രയിക്കുന്നുവെന്നതാണ് ഇന്ത്യയുടെ ദൗര്‍ബല്യം. രോഹിത്തും ധവാനും കോഹ്ലിയും തിളങ്ങിയില്ലെങ്കില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിക്കാന്‍ മധ്യനിരയ്ക്ക് മിക്കപ്പോഴും കഴിയാറില്ല. ഇവര്‍ മൂന്ന് പേരും വീണ മത്സരങ്ങളില്‍ മധ്യനിര പലപ്പോഴും കീഴടങ്ങിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാനായാണ് രാഹുലിനേയും കേദാര്‍ ജാദവിനേയും കൊണ്ടു വരുന്നത്. അതേസമയം നാലാം സ്ഥാനമടക്കം മധ്യനിരയില്‍ ആരൊക്കെ എവിടെയൊക്കെ എന്നതില്‍ വ്യക്തമായൊരു ചിത്രം ഇതുവരേയുമായിട്ടില്ല. വിജയ് ശങ്കറിനെ കൂടി കൊണ്ടു വന്ന് മധ്യനിര ശക്തമാക്കാനുള്ള നീക്കം വിജയിക്കുമോ എന്ന് കണ്ടറിയണം. വിജയ് ശങ്കറിന് എല്ലാ മത്സരവും കളിക്കാന്‍ അവസരം ലഭിച്ചെന്നും വരില്ല.
ICC Cricket World Cup India Complete Squad: ഇന്ത്യന്‍ ടീം
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, എംഎസ് ധോണി, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook