ICC Cricket World Cup 2019: ക്രിക്കറ്റ് ലോകത്തെ ‘ഉറങ്ങിക്കിടക്കുന്ന സിംഹം’ എന്ന വിശേഷണം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ടീമാകും ഒരുപക്ഷെ പാക്കിസ്ഥാന്‍. പ്രതിഭാധനരായ ഒരുപാട് താരങ്ങള്‍ പാക്കിസ്ഥാന്റെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. അവരുടെ പ്രകടനത്തിന് മുമ്പില്‍ ക്രിക്കറ്റ് ലോകം അമ്പരന്നിരുന്നിട്ടുണ്ട്. ഇന്‍സമാം ഉള്‍ ഹഖ്, വസീം അക്രം, ഷൊയ്ബ് അക്തര്‍, വഖാര്‍ യൂനിസ്, സയ്യ്ദ് അന്‍വര്‍, മുഹമ്മദ് യൂസഫ്, മിയാന്‍ദാദ്, ഷൊയ്ബ് മാലിക്, മിസ്ബ ഉള്‍ ഹഫ്, ഷാഹിദ് അഫ്രീദി, ഇമ്രാന്‍ ഖാന്‍, യൂനുസ് ഖാന്‍, ആ ലിസ്റ്റ് നീളുന്നു. എന്നിട്ടും തങ്ങളുടെ പ്രതിഭയ്‌ക്കൊത്ത് ഉയരാന്‍ പാക്കിസ്ഥാന് സാധിച്ചിട്ടില്ല. പ്രത്യേകിച്ചും ലോകത്തെ വിറപ്പിച്ചൊരു പേസ് തലമുറയുടെ അവസാനത്തോടെ. ആഭ്യന്തര പ്രശ്‌നങ്ങളും വാതുവെപ്പുമെല്ലാം നശിപ്പിച്ച പാക് ക്രിക്കറ്റ് ഇന്ന് ഇടയ്ക്കിടെ മാത്രം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും വീണ്ടും വിസ്മൃതിയിലേക്ക് മടങ്ങുകയും ചെയ്യുന്ന സംഘമായി മാറിയിരിക്കുകയാണ്.

പ്രവചനാതീനതയാണ് പാക്കിസ്ഥാന്റെ സവിശേഷത, ആരേയും തോല്‍പ്പിക്കും ആരോടും തോല്‍ക്കും. ആരും കേറാ റണ്‍മല താണ്ടും ആരും കാണാത്ത കുഴിയില്‍ കൂപ്പു കുത്തി വീഴും. അയല്‍വാസികളായ ഇന്ത്യയായിരുന്നു എന്നും പാക്കിസ്ഥാന്റെ പ്രധാന എതിരാളികള്‍. മറ്റാരോട് തോറ്റാലും പാക്കിസ്ഥാനോട് ഇന്ത്യയും ഇന്ത്യയോട് പാക്കിസ്ഥാനും പരാജയം സമ്മതിക്കില്ല. ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നൊരു വസ്തുത പ്രതിഭയുടെ ധാരാളിത്വത്തിന്റെ കാര്യത്തില്‍ ഒരുഘട്ടത്തില്‍ പാക്കിസ്ഥാനോളം പോന്നവരായിരുന്നില്ല ഇന്ത്യയെന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ സച്ചിനെന്ന താരത്തിന്റെ പ്രകടനങ്ങളില്‍ സ്വയം മറന്ന കാലത്ത് പാക്കിസ്ഥാന്‍ ലോകം കീഴടക്കുകയും ലോകകപ്പുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പീന്നീട് സംഭവിച്ചത് ചരിത്രത്തിന്റെ മറ്റൊരു ഏടാണ്.

പാക്കിസ്ഥാനേയും മറി കടന്ന്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അയല്‍ക്കാരെയെല്ലാം മറികടന്ന് ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് കയറി. ടീമെന്ന നിലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും പ്രതിഭാധനരായ താരങ്ങളുടെ കടന്നു വരവും കൂടെയായപ്പോള്‍ ലോകകപ്പ് ഇന്ത്യയിലെത്തി. ഒരു കാലത്ത് ഓസ്‌ട്രേലിയ വച്ച് അലങ്കരിച്ചു പോന്നിരുന്ന ക്രിക്കറ്റിലെ ‘പരാജയപ്പെടുത്തേണ്ട’ ടീമിന്റെ സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നു. എന്നാല്‍ പാക്കിസ്ഥാനോ? സ്വന്തം രാജ്യത്ത് ക്രിക്കറ്റ് കളിക്കാനാകാതെ ഷാര്‍ജ ഹോം ഗ്രൗണ്ടാക്കേണ്ടി വന്നു അവര്‍ക്ക്. പ്രകടനങ്ങളില്‍ പതിയെ പതിയെ പഴയ തീയില്ലാതായി. അതിന് കാരണങ്ങള്‍ പലതാണ്.

അനുഭവ സമ്പത്തും യുവത്വവും ചേര്‍ന്ന ടീമിനെയാണ് പാക്കിസ്ഥാന്‍ ഈ ലോകകപ്പിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയതിന്റെ ഓര്‍മ്മകളുമായിട്ടാകും സര്‍ഫ്രാസും സംഘവും വിമാനമിറങ്ങുക എന്നുറപ്പാണ്. കഴിഞ്ഞ ലോകകപ്പ് കളിച്ചവര്‍ സര്‍ഫ്രാസും ഹാരിസ് സൊഹൈലും മാത്രമാണ്. ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഇമാദ് വസീം, ഷബാദ് ഖാന്‍, ഹസന്‍ അലി, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രീദ, ജുനൈദ് ഖാന്‍, മുഹമ്മദ് ഹസ്‌നൈന്‍ എന്നിവര്‍ ആദ്യ ലോകകപ്പിനാണ് പാഡ് കെട്ടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥിരമായി ടീമിലുള്ളവരാണ് ഇതില്‍ മിക്കവരും. ടീം സെലക്ഷനിലെ ഈ സ്ഥിരത പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ അത്ര പരിചിതമല്ല.

ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സര്‍ഫ്രാസ്, ഷെയാബ് മാലിക്ക് എന്നിവരിലാകും ടീമിന്റെ ബാറ്റിങ് പ്രതീക്ഷകള്‍. ഫഖര്‍ സമാന്റെ വെടിക്കെട്ടിന് ലോകം സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയിലാണ് പാക് ആരാധകര്‍. അതേസമയം, മധ്യനിരയില്‍ ഒരു പവര്‍ ഹിറ്റര്‍ ഇല്ലാത്തത് പാക്കിസ്ഥാനെ സംബന്ധിച്ച് തിരിച്ചടിയാണ്. നായകന്‍ സര്‍ഫ്രാസ് മാത്രമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

ഹസന്‍ അലി, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് ഹസ്‌നൈന്‍, ജുനൈദ് ഖാന്‍ എന്നിവരായിരുന്നു നേരത്തെ പ്രഖ്യാപിച്ച ലോകകപ്പ് ടീമിലെ പ്രധാന പേസര്‍മാര്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാക് ബോളര്‍മാര്‍ നേരിട്ട പ്രഹരത്തെ തുടര്‍ന്ന് മുഹമ്മദ് ആമിറിനെയും ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. താരത്തിന് ചിക്കന്‍ പോക്‌സ് ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താരം ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുകാണെങ്കില്‍ താരത്തിന് കളിക്കാനാകും. നായകന്‍ സര്‍ഫ്രാസിന്റേയും കോച്ച് മിക്കി ആര്‍തറുടേയും പിന്തുണ ആമിറിനുണ്ട്. നേരത്തെ താരത്തെ ഫോമില്ലായ്മയെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഹസ്‌നെയ്ന്‍ വേഗത കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ജുനൈദും ഷഹീനും കഴിഞ്ഞ ഒരു വര്‍ഷമായി നല്ല രീതിയില്‍ പന്തെറിയുന്നുണ്ട്.

ഇമാദ് വസീമും ഷബാദ് ഖാനുമാണ് പ്രധാന സ്പിന്‍ ബോളര്‍മാര്‍. രണ്ടു പേരും ഒരുമിച്ചു കളിക്കുമോ എന്നത് കണ്ടറിയണം. ഇമാദിന്റെ ഫിറ്റ്‌നസ് ഒരു ആശങ്കയായി നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഷബാദ് പരിപൂര്‍ണ ആരോഗ്യവാനാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ സംഘത്തിന്റെ അറിയിപ്പ് ലഭിച്ചിരുന്നു.

താരങ്ങളുടെ പരുക്കും പവര്‍ ഹിറ്ററുടെ അഭാവവുമാണ് പാക്കിസ്ഥാന്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇമാദും ഹഫീസും ഷബാദും പരുക്കോ അസുഖമോ നേരിട്ടവരാണ്. ഇംഗ്ലണ്ടിനെതിരായ കളിക്കിടെ ഇമാമിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ താരങ്ങളുടെ കായികക്ഷമത പാക്കിസ്ഥാന് വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ടെന്നത് വാസ്തവാണ്. മെയ് 23 വരെ ടീമില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമേ ആരെങ്കിലും പുറത്താകുമോ പുതിയ ആരെങ്കിലും ടീമിലേക്ക് എത്തുമോ എന്നത് വ്യക്തമാവുകയുള്ളൂ. മെയ് 31 ന് വിന്‍സീനിനെതിരായണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.

പാക്കിസ്ഥാന്‍ ടീം

സര്‍ഫ്രാസ് അഹമ്മദ് (C), ആബിദ് അലി, ബാബര്‍ അസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സൊഹൈല്‍, ഹസന്‍ അലി, ഇമാദ് വസീം, ഇമാം ഉള്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹുസ്‌നൈന്‍, ഷഹീന്‍ ഷാ അഫ്രീദി, ഷൊയ്ബ് മാലിക്ക്. മുഹമ്മദ് ആമിര്‍.

ലോകകപ്പിലെ മികച്ച പ്രകടനം: 1992 ല്‍ ചാമ്പ്യന്‍മാര്‍, 1 തവണ രണ്ടാം സ്ഥാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook