മുംബൈ: ഐപിഎല്‍ ആവേശത്തിന് കൊടിയിറങ്ങി. ക്രിക്കറ്റ് ലോകം ഇനി പോകാന്‍ പോകുന്നത് പൂരങ്ങളുടെ പൂരമായ ഏകദിന ലോകകപ്പിലേക്കാണ്. ശക്തമായ ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. 15 പേരും മികച്ച താരങ്ങളാണ്. എന്നാല്‍ ലോകകപ്പ് നേടുക എന്നത് ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല. തീര്‍ത്തും പ്രവചനാതീതമാണ് ഇത്തവണത്തെ ലോകകപ്പ്.
റൗണ്ട് റോബിന് ഫോര്‍മാറ്റിലാണ് ഇത്തവണ ലോകകപ്പ് നടക്കുക. 10 ടീമുകളാണുള്ളത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. പോയന്റ് പട്ടികയില്‍ ആദ്യ നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഇന്ത്യയ്ക്ക് ഏറെക്കുറ സന്തുലിതമായൊരു ടീമാണ് ഉള്ളതെങ്കിലും ലോകകപ്പ് നേടാനുള്ള സാധ്യത ഉറപ്പിക്കാനാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ജോണ്ടി റോഡ്സ് പറയുന്നു.
”ഇന്ത്യയ്ക്ക് മികച്ച 15 പേരുണ്ട്. പക്ഷെ ഇതുപോലെ ആറ് ടീമുകള്‍ വേറെയുമുണ്ട്. വളരെ മികച്ച ടീമുകളുണ്ട് ലോകകപ്പില്‍. അന്നന്നത്തെ ദിവസം എത്രമാത്രം സന്തുലിതമായ ടീമിനെയാണ് ഇറക്കുന്നത് എങ്ങനെയാണ് സാഹചര്യത്തെ നേരിടുന്നത് എന്നനുസരിച്ചിരിക്കും ഫലം” റോഡ്സ് പറയുന്നു. പിടിഎയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു റോഡ്സ് മനസ് തുറന്നത്.
ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ”ഇന്ത്യയ്ക്ക് നല്ല അനുഭവ സമ്പത്തുണ്ട്. യുവതാരമായ ജസ്പ്രീത് ബുംറയ്ക്ക് പോലും ഡെത്ത് ഓവറുകളില്‍ പന്തെറിഞ്ഞ് നല്ല പരിചയമാണ്. അതുകൊണ്ട് ഇന്ത്യ മോഹിക്കുന്നുണ്ടാകും. പക്ഷെ മികച്ച ആറ് ടീമുകള്‍ വേറെയുമുണ്ട്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ വിന്‍ഡീസിനെ പോലും തള്ളി പറയുന്നത്. അവര്‍ ഏഴാമതാണ്. അവര്‍ നല്ല രീതിയില്‍ തിരിച്ചു വരുന്നുമുണ്ട്. ഒരു ടീമും ഫേവറേറ്റുകളല്ലെന്നതാണ് വാസ്തവം. ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. ഓരോ പോയന്റും ആവശ്യമാണ്. ഫോര്‍മാറ്റിലെ മാറ്റം സാധ്യതകളെ തുറന്നിട്ടിരിക്കുകയാണ്” റോഡ്സ് അഭിപ്രായപ്പെട്ടു.
ഇന്ത്യയെ സംബന്ധിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനം നിര്‍ണായകമാകുമെന്നും റോഡ്സ് പറഞ്ഞു. ടി20യില്‍ കളിക്കുന്നത് പോലെ ഏകദിനത്തില്‍ സാധിക്കില്ലെന്നും അതിനാല്‍ ആ മാറ്റത്തെ പാണ്ഡ്യ എങ്ങനെ നേരിടുന്നുവെന്നത് നിര്‍ണായകമാകുമെന്നും റോഡ്സ് പറഞ്ഞു. ഹെലികോപ്റ്റര്‍ ഷോട്ട് അടിക്കുന്നത് മാത്രമല്ല ടീമിനെ വിജയത്തില്‍ എത്തിക്കണമെന്നും റോഡ്സ് പറഞ്ഞു.
കൂടാതെ കാഴ്ച്ക്കാരനെന്ന നിലയിലും താരമെന്ന നിലയിലും കൂടുതല്‍ അസോസിയേറ്റ് രാജ്യങ്ങള്‍ ലോകകപ്പ് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും റോഡ്സ് പറഞ്ഞു.