ഐസിസി ലോകകപ്പില്‍ മോശം പ്രകടനം കാഴ്ച വച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ താന്‍ മികച്ച ടീമാക്കുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. സെമി ഫൈനലില്‍ കടക്കാന്‍ കഴിയാതിരുന്ന ടീം 11 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ന്യൂസലൻഡിനൊപ്പം എത്തിയെങ്കിലും റണ്‍റേറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് പുറത്താവുകയായിരുന്നു.

‘ഇംഗ്ലണ്ടില്‍ പോയാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പഠിച്ചത്. അവിടെ നിന്നും തിരികെ എത്തിയപ്പോള്‍ ക്രിക്കറ്റ് താരങ്ങളുടെ നിലവാരം ഉയര്‍ന്നു. പാക് ക്രിക്കറ്റിനെ ശരിയാക്കുമെന്ന് ലോകകപ്പിന് ശേഷം ഞാന്‍ തീരുമാനിച്ചതാണ്,’ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

Read More: ഇതെന്തൊരു സമാനത! 1992 ലും 2019 ലും പാക്കിസ്ഥാന്റെ ലോകകപ്പ് യാത്രയ്ക്ക് ഒരേ തിരക്കഥ

‘അടുത്ത ലോകകപ്പില്‍ നിങ്ങള്‍ കാണുന്ന ടീം വളരെ പ്രൊഫഷണലായിരിക്കും, എന്റെ വാക്ക് ഓർമിച്ച് വച്ചോളൂ. ഇപ്പോഴത്തെ സിസ്റ്റം മാറ്റി കളിക്കാരെ മുന്‍നിരയിലെത്തിക്കും,’ ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഒരുവിധത്തിലും ക്ലച്ച് പിടിക്കാതെ പോയ പാക് ടിമിന്റെ മാനം കുറച്ചെങ്കിലും രക്ഷിച്ചത് ബോളര്‍മാരായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നടത്തിയ മികച്ച പ്രകടനത്തിലുടെ മുഖം രക്ഷിച്ചു. മുഹമ്മദ് ആമിറിന്റെ സ്ഥിരതയാര്‍ന്ന പ്രകടനവും ബാബറിന്റെ ബാറ്റിങ്ങും മാത്രമാണ് പാക് ടീമിന് എടുത്തുപറയാനുള്ളത്.

പൊതുപ്രകടനത്തില്‍ യാതൊരു ഒത്തിണക്കവും പ്രകടമായിരുന്നില്ല, അതിനേക്കാളുപരി ക്യാപ്റ്റന്‍ എന്ന നിലയില്‍ സര്‍ഫ്രാസിന്റെ ശരീരഭാഷ ഏറെ പരിതാപകരമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഈ സംഭവം പരിഹാസമാവുകയും ചെയ്തു.

ലോകകപ്പില്‍ അവസാന നാലില്‍ എത്താനാകാതെ പാക്കിസ്ഥാന്‍ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താന്‍ മാത്രമേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്‍റാണ് പാക്കിസ്ഥാനുള്ളത്. സെമിയില്‍ കടന്ന ന്യൂസിലന്‍ഡിനും 11 പോയിന്‍റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പുറത്താവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook