രവി ശാസ്ത്രി എന്ന പരിശീലകന്റെ കീഴിലുള്ള ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് കളത്തിലെ ഊര്‍ജമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും എന്തിന് മൈതാനത്തെ താരങ്ങളുടെ ശരീരഭാഷയില്‍ പോലും അത് വ്യക്തമായിരുന്നു. വാക്കു കൊണ്ടും എന്തും നേരിടാന്‍ തയാറായിരുന്നു ശാസ്ത്രിപ്പട. ഇതില്‍ വിരാട് കോഹ്ലി എന്ന നായകനും പങ്കുണ്ട്. കോഹ്ലി-ശാസ്ത്രി കൂട്ടുകെട്ടില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടമാണ് ഇന്ത്യ കൊയ്തത്.
പരിശീലകന്റെ കുപ്പായം അഴിച്ചു വച്ചതിന് ആറ് മാസങ്ങള്‍ക്ക് ശേഷം താനെങ്ങനെയാണ് ഒരു ടീമിനെ വളര്‍ത്തിയെടുത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രി. ഓസ്ട്രേലിയ പോലൊരു ടീമിനെ വാക്കുകള്‍ക്കൊണ്ട് പോലും നേരിടാന്‍ ടീം സജ്ജമായിരുന്നു.
“ഞാന്‍ ടീമിന്റെ ചുമതലയിലായിരുന്നപ്പോള്‍ വീഴ്ചകള്‍ പരിഹരിക്കുകയായിരുന്നു പ്രധാന ദൗത്യം. ടീമിന്റെ നല്ലതിനായി ആരെ വേണമെങ്കിലും പുറത്താക്കാനും ഉള്‍പ്പെടുത്താനും അധികാരമുണ്ടായിരുന്നു. കൂടുതല്‍ ഊര്‍ജം, മികച്ച ശാരീരിക ക്ഷമത, വിദേശത്ത് 20 വിക്കറ്റുകള്‍ വരെ നേടാന്‍ കഴിവുള്ള പേസ് ബോളിങ് നിരയെ വാര്‍ത്തെടുക്കുക എന്നിവയ്ക്കായിരുന്നു മുന്‍തൂക്കം. ശരീരഭാഷയില്‍ പോലും മാറ്റമുണ്ടാകണം, പ്രത്യേകിച്ചും ഓസ്ട്രേലിയയെ പോലൊരു ടീമിനെ നേരിടുമ്പോള്‍. ഓസ്ട്രേലിയന്‍ താരങ്ങള്‍ ഒന്ന് പറഞ്ഞാല്‍ മൂന്നെണ്ണം തിരിച്ചു പറയണമെന്നാണ് ഞാന്‍ കൊടുത്തിരുന്ന നിര്‍ദേശം,” ശാസ്ത്രി പറഞ്ഞു.
2018-19 പരമ്പരയില്‍ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തി. 2020-21 ല്‍ വീണ്ടും ഓസീസിനെതിരെ ഇന്ത്യ വിജയം ആവര്‍ത്തിച്ചു. രണ്ടാം തവണ പല പ്രമുഖ താരങ്ങളുമില്ലാതെയായിരുന്നു നേട്ടമെന്നതും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ മികവ് പുറത്തെടുത്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ. പരമ്പരയിലെ ഒരു മത്സരം അവശേഷിക്കുന്നുണ്ട്. കോവിഡ് വ്യാപനം മൂലം താത്കാലികമായി കളി ഒഴിവാക്കുകയായിരുന്നു അന്ന്.
Also Read: സന്തോഷ് ട്രോഫി: കര്‍ണാടക കടമ്പ കടന്നാല്‍ ഫൈനല്‍; കേരളം ഇന്നിറങ്ങും