ഏഷ്യ കപ്പ് ഫൈനല്‍ പാക്കിസ്ഥാന്‍ താരം ഷദാബ് ഖാന്‍ മറക്കാനാഗ്രഹിക്കുന്ന ഒന്നായിരിക്കും. പ്രത്യേകിച്ചും ഫീല്‍ഡിങ്ങില്‍. ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ അഞ്ചാം ഓവറില്‍ ഓവര്‍ ത്രൊ തടയാന്‍ ശ്രമിച്ചപ്പോള്‍ ഷദാബിന്റെ തലയിലായിരുന്നു പന്തു കൊണ്ട്. കളത്തില്‍ നിന്ന് അല്‍പ്പ നേരം മാറി നില്‍ക്കേണ്ടതായും വന്നും. 17-ാം ഓവറില്‍ 46 ല്‍ നില്‍ക്കെ ഭാനുക രാജപക്സയുടെ ക്യാച്ച് ഷദാബ് വിട്ടു കളഞ്ഞു. അല്‍പ്പം കടുപ്പമേറിയതായിരുന്നെങ്കിലും ഷദാബിനെ പോലെയുള്ള മികച്ച ഫീല്‍ഡര്‍ അവസരം തുലച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. അടുത്ത ഓവറില്‍ വീണ്ടും പിഴവ്, രാജപക്സയുടെ തന്നെ ക്യാച്ചിന് ശ്രമിക്കവെ ആസിഫ് അലിയുമായി കൂട്ടിയിടിച്ചു. പന്ത് കയ്യിലൊതുക്കാന്‍ കഴിഞ്ഞുമില്ല, സിക്സാവുകയും ചെയ്തു.
45 പന്തില്‍ 71 റണ്‍സെടുത്ത രാജപക്സയുടെ മികവിലായിരുന്നു ശ്രീലങ്ക പാക്കിസ്ഥാനെതിരെ 171 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്. 58-5 എന്ന നിലയില്‍ നിന്നായിരുന്നു ശ്രീലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. പ്രമോദ് മദുഷന്‍ (4/34), വനിന്ദു ഹസരങ്ക (3/27) എന്നിവരുടെ ബോളിങ് പ്രകടനം പാക്കിസ്ഥാന്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയായി. 147 റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്.
തോല്‍വിക്ക് പിന്നാലെ വൈകാരിക ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഷദാബ് ഖാന്‍. പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും ഷദാബ് ഏറ്റെടുത്തു.
“ക്യാച്ചുകള്‍ മത്സരം വിജയിപ്പിക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ എന്റെ ടീമിന്റെ വീഴ്ചയ്ക്ക് കാരണമായി. നസീം ഷാ, ഹാരീസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവരുടെ പ്രകടനം ടീമിന് മുതല്‍ക്കൂട്ടാണ്. ബോളിങ് നിര മികവ് കാണിച്ചു. മുഹമ്മദ് റിസ്വാന്‍ പോരാടി, മുഴുവന്‍ ടീമംഗങ്ങളും പരമാവധി ശ്രമിച്ചു. ശ്രീലങ്കയ്ക്ക് അഭിനന്ദനങ്ങള്‍,” ഷദാബ് കുറിച്ചു.
“ശ്രീലങ്കയെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. മികച്ച പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ആദ്യം ഞങ്ങള്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവര്‍ പിന്നീട് തിരിച്ചുവരവ് നടത്തി. ബാറ്റിങ് യൂണിറ്റിന്റെ വ്യാപ്തിക്കനുസരിച്ച് കളിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഞങ്ങളുടെ ഫീല്‍ഡിങ് മികച്ചതായിരുന്നില്ല, നല്ല രീതിയില്‍ ഫിനിഷ് ചെയ്യാന്‍ മധ്യനിരയ്ക്ക് കഴിയാതെ പോയി. പക്ഷെ ഒന്നിലധികം വ്യക്തിഗത പ്രകടനങ്ങളുണ്ടായി, റിസ്വാന്‍, ഷദാബ്, നവാസ്, നസീം. ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും, തെറ്റുകള്‍ കുറച്ച് മുന്നോട്ട് പോവുക എന്നതാണ്,” ഫൈനലിന് ശേഷം പാക് നായകന്‍ ബാബര്‍ അസം വ്യക്തമാക്കി.