ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 പരുക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കളിക്കിടെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ഏഷ്യ കപ്പ്, ട്വന്റി 20 ലോകകപ്പ് എന്നിങ്ങനെ നിര്‍ണായക ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ രോഹിതിന്റെ മടക്കം ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാല്‍ താരത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. ആഴ്ചയുടെ അവസാനത്തോടെ കളത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷ രോഹതും പങ്കുവച്ചു.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ സഹായത്തോടെ ഇന്ത്യ അനായാസം മറികടന്നു. 44 പന്തില്‍ നിന്ന് 76 റണ്‍സാണ് സൂര്യ നേടിയത്. ജയത്തോടെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലെത്തി.
“രോഹിത് മടങ്ങിയതോടെ, ഒരു താരം 15-17 ഓവര്‍ വരെ ബാറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. ഞാന്‍ കളത്തില്‍ എന്നെ തുറന്നുവിടുകയായിരുന്നു, എന്റെ ഷോട്ടുകളെ പിന്തുണച്ചു,” സൂര്യകുമാര്‍ വ്യക്തമാക്കി.
നാല് സിക്സറുകളും എട്ട് ഫോറുകളും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. 15-ാം ഓവറില്‍ താരം മടങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത് 33 പന്തില്‍ നിന്ന് 30 റണ്‍സ് മാത്രമായിരുന്നു.
26 പന്തില്‍ 33 റണ്‍സെടുത്ത റിഷഭ് പന്താണ് കളി ഫിനിഷ് ചെയ്തത്.
വെടിക്കെട്ട് ബാറ്റര്‍മാരാല്‍ സമ്പന്നമായ വിന്‍ഡീസ് നിരയെ പിടിച്ചുകെട്ടിയത് ഇന്ത്യയുടെ ബോളിങ് മികവായിരുന്നു. രോഹിത് പിന്നീട് ബോളര്‍മാരുടെ പ്രകടനത്തെ എടുത്തു പറയുകയും ചെയ്തു.
“ഏറ്റവും നിര്‍ണായകമായത് മധ്യ ഓവറുകളിലെ ബോളിങ്ങായിരുന്നു. വിന്‍ഡീസ് അതിവേഗം റണ്‍സ് കണ്ടെത്താനുള്ള ശ്രമം നടത്തി. പക്ഷെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനായി. വിജയലക്ഷ്യം പിന്തുടര്‍ന്നത് നോക്കിയാല്‍ സമ്പൂര്‍ണമായിരുന്നു ജയം,” രോഹിത് പറഞ്ഞു.