ക്രിക്കറ്റിനെ താന്‍ ഒരേസമയം സ്നേഹിക്കുകയും വെറുക്കുകയും ചെയ്തതായി ക്രിക്കറ്റ് താരം യുവരാജ് സിങ്. വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പുറത്ത് വിട്ട വീഡിയോയിലാണ് അദ്ദേഹം ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്. ക്രിക്കറ്റ് അല്ലാത്ത മറ്റ് ഏത് കായിക ഇനത്തിലും കൈ കടത്താന്‍ തനിക്ക് പേടിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച തന്റെ പിതാവ് യോഗ്‍രാജ് സിങ്ങാണ് തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു.

‘ക്രിക്കറ്റ് എനിക്ക് ഇഷ്ടമാണ്, പക്ഷെ അതേസമയം ഞാന്‍ അതിനെ വെറുക്കുകയും ചെയ്യുന്നു. എനിക്ക് എല്ലാം തന്നത് ഈ കളി ആയത് കൊണ്ടാണ് ഞാന്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നത്. ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നതിന് കാരണം മാനസികമായി ഇത് എനിക്കേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്,’ യുവരാജ് വീഡിയോയില്‍ പറയുന്നു.

ബാല്യകാല ദൃശ്യങ്ങളും കോര്‍ത്തിണക്കിയ വീഡിയോയില്‍ യുവരാജ് സിങ് പരിശീലനം നടത്തുന്നതുമൊക്കെ കാണിക്കുന്നുണ്ട്. തന്റെ പിതാവ് വളരെ കര്‍ക്കശക്കാരനായതിന്‍ പലതും ത്യജിക്കേണ്ടി വന്നതായി യുവരാജ് പറയുന്നു. ’10 വയസുളളപ്പോള്‍ 16 വയസുകാരനെ പോലെ ഓടണമായിരുന്നു. മുതിര്‍ന്ന കുട്ടികളെ പോലെ പരിശീലനം നടത്താന്‍ പറ്റിയില്ലെങ്കില്‍ വീട്ടിലേക്ക് പോവാന്‍ പറയും,’ യുവരാജ് പറയുന്നു. കാന്‍സറിനോട് താന്‍ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും യുവരാജ് വിവരിക്കുന്നുണ്ട്.

Read More: നിറകണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് യുവരാജ് സിങ്

മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിറകണ്ണുകളോടെയാണ് താൻ‍ വിരമിക്കുന്ന വിവരം യുവരാജ് പ്രഖ്യാപിച്ചത്. 2007ലെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ആയിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവര്‍ ക്രിക്കറ്ററായ യുവരാജ് സിങ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. കാന്‍സറിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയ ഫോം തുടരാന്‍ യുവിക്കായില്ല. 2012ലാണ് കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. 2017ലാണ് അദ്ദേഹം ഏകദിനങ്ങളും കളിച്ചിട്ടില്ല. ഇന്ത്യക്കായി 304 ഏകദിന മൽസരങ്ങളും, 40 ടെസ്റ്റ് മൽസരങ്ങളും, 58 ട്വന്റി-20 മൽസരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook