ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് കളത്തിലുമുണ്ടായിരുന്നു ഒത്ത എതിരാളികള്‍. ലോകത്തോര പേസര്‍മാരെ നേരിട്ട് വിജയിച്ചാണ് സച്ചിന്‍ ക്രിക്കറ്റ് ദൈവം എന്ന പേര് നേടിയെടുത്ത്. സച്ചിനും പാക്കിസ്ഥാന്‍ പേസര്‍ ഷോയിബ് അക്തറും തമ്മിലുള്ള പോരാട്ടം എല്ലാ കാലത്തും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യയുമായി 2006 ല്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവത്തെപ്പറ്റി സ്പോര്‍ട്സ്കീഡയോട് വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍.
“ഞാന്‍ ഇത് ആദ്യമായാണ് വെളിപ്പെടുത്തുന്നത്. സച്ചിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പികണമെന്ന ലക്ഷ്യം അന്നെനിക്കുണ്ടായിരുന്നു. എന്ത് വിലകൊടുത്തും സച്ചിനെ വേദനിപ്പിക്കണമെന്ന് ഞാന്‍ ഉറച്ച തീരുമാനം എടുത്തിരുന്നു. ഞാന്‍ എറിഞ്ഞ പന്ത് അദ്ദേഹത്തിന്റെ ഹെല്‍മെറ്റിലിടിച്ചു. അദ്ദേഹം വീണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട് വീഡിയോ കണ്ടപ്പോഴാണ് സച്ചിന്‍ വിദഗ്ധമായി അതില്‍ നിന്ന് രക്ഷപ്പെട്ടതായി അറിഞ്ഞത്,” അക്തര്‍ പറഞ്ഞു.
ആദ്യ ശ്രമം പരാജയപ്പെട്ടെന്ന് അറിഞ്ഞതോടെ വീണ്ടും സച്ചിനെ പരിക്കേല്‍പ്പിക്കാനുള്ള ശ്രമം തുടര്‍ന്നതായും അക്തര്‍ കൂട്ടിച്ചേര്‍ത്തു. “ഞാന്‍ വീണ്ടും അദ്ദേഹത്തെ വേദനിപ്പിക്കണമെന്ന തീരുമാനത്തോടെ പന്തെറിഞ്ഞു. പക്ഷെ മറുവശത്ത് മുഹമ്മദ് ആസിഫ് വളരെ മികവോടെ പന്തെറിയുകയായിരുന്നു. അന്നത്തെ ദിവസം ആസിഫ് പന്തെറിഞ്ഞ പോലെ നന്നായി മറ്റാരെങ്കിലും പന്തെറിഞ്ഞതായി എനിക്ക് ഓര്‍മ്മയില്ല,” അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേ ടെസ്റ്റിലായിരുന്നു ഇര്‍ഫാന്‍ പത്താന്‍ ഹാട്രിക് നേടിയത്. സല്‍മാന്‍ ബട്ട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നിവരെയാണ് പത്താന്‍ തന്റെ ആദ്യ ഓവറില്‍ പുറത്താക്കിയത്. 341 റണ്‍സിന് ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്ക് 1-0 ന് നഷ്ടമാകുകയും ചെയ്തു.
Also Read: French Open 2022: കളിമണ്‍ കോര്‍ട്ടില്‍ ഇഗയുടെ ആധിപത്യം; രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം