വനിതകളുടെ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്ട്രേലിയയോട് അഞ്ച് റണ്‍സിന് കീഴടങ്ങിയതിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.
മത്സരശേഷമുള്ള ചടങ്ങില്‍ തന്റെ കണ്ണീർ മറയ്ക്കുന്നതിനായി കണ്ണട വച്ചായിരുന്നു ഹര്‍മന്‍ എത്തിയത്.
“ഞാന്‍ കരയുന്നത് എന്റെ രാജ്യം കാണാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഞാന്‍ കണ്ണട വച്ച് എത്തിയത്. ഞങ്ങള്‍ മെച്ചപ്പെടുമെന്നും ഇനി ഒരിക്കലും രാജ്യത്തിന് നിരാശ സമ്മാനിക്കില്ലെന്നും ഉറപ്പ് നല്‍കുന്നു,” ഹര്‍മന്‍ വ്യക്തമാക്കി.
“എന്തിനാണ് നിങ്ങള്‍ കരയുന്നതെന്ന ചോദ്യം വൈകാതെ ഹര്‍മനിലേക്കെത്തി. ഞാന്‍ റണ്ണൗട്ടായത്, ഇത്രയം നിര്‍ഭാഗ്യം ആര്‍ക്കാണുണ്ടാകുക. ലക്ഷ്യത്തിലേക്കെത്താന്‍ ശ്രമിക്കുക എന്നത് പ്രധാനമാണ്. അവസാന പന്ത് വരെ പോരാടാനായി,” ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു.
“കളി ഞങ്ങളുടെ കൈകളിലെത്തിയപ്പോഴാണ് ഞാന്‍ പുറത്തായത്. ശക്തമായ നിലയില്‍ നിന്നൊരു തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല,” വാക്കുകള്‍ കിട്ടാതെ താരം വിതുമ്പി.
“നല്ല പ്രകടനം കാഴ്ചവയ്ക്കാനായി. സ്വാഭാവിക കളി പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു. ഞങ്ങളില്‍ കുറച്ച് പേര്‍ക്ക് അതിന് സാധിച്ചു. നിരവധി ക്യാച്ചുകള്‍ വിട്ടുകളഞ്ഞു. തെറ്റുകളില്‍ നിന്നാണ് തിരുത്തപ്പെടുന്നത്,” ഹര്‍മന്‍ പറഞ്ഞു.
ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 167-8 എന്ന നിലയില്‍ അവസാനിച്ചു. 34 പന്തില്‍ 52 റണ്‍സ് നേടിയ ഹര്‍മന്‍പ്രീതായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ജമീമ റോഡ്രിഗസ് 24 പന്തില്‍ 43 റണ്‍സുമെടുത്താണ് മടങ്ങിയത്.