ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2007 ട്വന്റി 20 ലോകകപ്പും, 2011 ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ ആ വിജയത്തിലെല്ലാം നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു യുവരാജ് സിങ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളെന്ന പേര് സമ്പാദിക്കാന്‍ തന്റെ കരിയറിലൂടെ യുവിക്ക് സാധിച്ചു.
എന്നാല്‍ തന്റെ കരിയറില്‍ പേസ് ബോളര്‍മാരെ നേരിടാന്‍ അനായാസം കഴിഞ്ഞിരുന്നതായി യുവരാജ് വെളിപ്പെടുത്തി. എന്നാല്‍ യുവിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നത് ഇതിഹാസ സ്പിന്നറായ മുത്തയ്യ മുരളീധരനായിരുന്നു.
“ചെറുപ്പകാലം മുതല്‍ എന്റെ പിതാവ് പേസ് ബോളിങ് പിച്ചുകളിലാണ് എന്നെ പരിശീലിപ്പിച്ചിരുന്നത്. 17 അടിയുള്ള പിച്ചില്‍ നനഞ്ഞ ടെന്നീസ്, ലെദര്‍ ബോളുകളെ ഞാന്‍ നേരിട്ടു. അതുകൊണ്ടു തന്നെ പേസ് ബോളര്‍മാരെ അനായാസം നേരിടാന്‍ ഞാന്‍ തയാറായി. തുടക്കകാലത്ത് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ കാഴ്ചവച്ച പ്രകടനങ്ങള്‍ എനിക്ക് ആത്മവിശ്വാസം നല്‍കി,” യുവി വ്യക്തമാക്കി.
“പിന്നീടാണ് ശ്രീലങ്കയെ നേരിടാനായി ഷാര്‍ജയിലേക്ക് തിരിച്ചത്. മുത്തയ്യ മുരളീധരന്‍ എന്ന തന്ത്രശാലിയുടെ മുന്നിലേക്ക്. സ്പിന്നിനെ തരക്കേടില്ലാതെ ഞാന്‍ നേരിട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ പോലൊരു ലോകോത്തര താരത്തെ നേരിടാന്‍ കൂടുതല്‍ മികവ് ആവശ്യമാണ്. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ മനസിലാക്കാന്‍ യുവതാരമായിരുന്ന എനിക്ക് കഴിഞ്ഞില്ല,” യുവി കൂട്ടിച്ചേര്‍ത്തു.
“പിന്നീടാണ് ഞാന്‍ സച്ചിനോട് ഇതിനെക്കുറിച്ച് സംസാരിച്ചത്. എങ്ങനെ മികച്ച സ്പിന്നര്‍മാരെ നേരിടണമെന്ന്. സ്വീപ്പ് ഷോട്ടുകള്‍ പഠിക്കാന്‍ എന്നോട് സച്ചിന്‍ ഉപദേശിച്ചു. ആദ്യമൊക്കെ സ്വീപ്പ് ഷോട്ട് കളിച്ച് ഞാന്‍ പരാജയപ്പെട്ടെങ്കിലും കാലക്രമേണ എളുപ്പമായി. സ്പിന്‍ ബോളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചു,” താരം വെളിപ്പെടുത്തി.
Also Read: മാക്സ്‌വെല്ലിന്റെ വിവാഹസൽക്കാരത്തിൽ ചുവടുവച്ച് കോഹ്‌ലിയും കൂട്ടരും; വീഡിയോ