ക്രിക്കറ്റ് ലോകത്തിന്റേയും വിരാട് കോഹ്ലിയുടേയും 1020 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ച ദിനമായിരുന്നു ഇന്നലെ. 2019 ന് ശേഷം ആദ്യമായി കോഹ്ലി മൂന്നക്കം കടന്നു.
ഏഷ്യ കപ്പ് സൂപ്പര്‍ സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു താരം തന്റെ പ്രതാപകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കും വിധം ബാറ്റ് വീശിയത്. 61 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത് വലം കയ്യന്‍ ബാറ്റര്‍ പുറത്താകാതെ നില്‍ക്കുകയും ചെയ്തു. സമ്മര്‍ദ്ദമൊഴിഞ്ഞതിന്റെ ആശ്വാസം മത്സരശേഷമുള്ള കോഹ്ലിയുടെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു.
“കളിയില്‍ നിന്ന് വിശ്രമം എടുത്ത സമയത്ത് എന്നെക്കറുച്ച് കൂടുതല്‍ നിരീക്ഷിക്കാനായി. കഠിനമായ സമയത്ത് എനിക്കൊപ്പം നിന്ന സ്പെഷ്യല്‍ വ്യക്തി അനുഷ്കയാണ്. അവളെനിക്ക് നിര്‍ദേശങ്ങള്‍ നല്‍കി, കാര്യങ്ങള്‍ വ്യക്തമാക്കി തന്നു. എന്നെ ശാന്തനായ വ്യക്തിത്വത്തിലേക്ക് തിരിച്ചെത്തിച്ചു,” കോഹ്ലി വ്യക്തമാക്കി.
“ഞാന്‍ കളി ആസ്വദിക്കുകയായിരുന്നു. കളിയെ നന്നായി മനസിലാക്കുക എന്നത് ദൈവം അനുഗ്രഹിച്ചു തന്നെ ഒന്നാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളുടെ ഫലമായിരുന്നു ഇന്ന് കണ്ടത്. ഞാന്‍ എന്റെ മുഴുവന്‍ നല്‍കി. സത്യം പറഞ്ഞാല്‍ ഞാന്‍ സ്വയം ആശ്ചര്യപ്പെട്ടു. എന്നെ അത്ഭുതപ്പെടുത്തിയത് 60 റണ്‍സ് എടുക്കുന്നത് പോലും പരാജയമായി കണക്കാക്കപ്പെട്ടതാണ്. നന്നായി ബാറ്റ് ചെയ്തു, എന്നിട്ടും ഒന്നും ചെയ്യാത്ത പോലെയായിരുന്നു വിലയിരുത്തല്‍,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.
“എനിക്ക് ഒരുപാട് ഉപദേശങ്ങള്‍ ലഭിച്ചു. ഞാന്‍ ചെയ്യുന്ന അത് തെറ്റാണ് ഇത് തെറ്റാണ് എന്നെല്ലാം എല്ലാവരും പറഞ്ഞു. എന്റെ മികച്ച സമയത്തെ വീഡിയോകള്‍ കണ്ടു. ഇപ്പോഴത്തേതുമായി വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. ഇത് എനിക്ക് ആര്‍ക്കും പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍ കഴിയുമായിരുന്നില്ല,” കോഹ്ലി വ്യക്തമാക്കി.
”ദൈവം നമുക്ക് അനുഗ്രഹിച്ച് തരുന്നതാണ് എല്ലാമെന്ന് സമ്മതിക്കുന്നതില്‍ എനിക്ക് മടിയില്ല, പക്ഷെ നമ്മള്‍ കഠിനാധ്വാനം ചെയ്യണം. ഞാന്‍ അല്‍പ്പം വിശ്രമിച്ചു, ഉന്മേഷത്തോടെ തിരിച്ചു വന്നു. അന്തരീക്ഷം എനിക്ക് അനുകൂലമാക്കി തന്നെ ടീം അംഗങ്ങള്‍. എന്ത് സംഭവിച്ചാലും എന്നോട് ആസ്വദിച്ച് കളിക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചത്,” കോഹ്ലി പറഞ്ഞു.