/indian-express-malayalam/media/media_files/uploads/2023/03/Umran-Malik-Akthar.jpg)
വേഗതയേറിയ പന്തുകള്‍ കൊണ്ട് ഐപിഎല്ലിന്റെ ശ്രദ്ധ കേന്ദ്രമായ ബോളറാണ് യുവതാരം കൂടിയായ ഉമ്രാന്‍ മാലിക്ക്. ചെറിയ പ്രായത്തിലെ പ്രകടന മികവ് ഉമ്രാനെ ഇന്ത്യന്‍ ടീമിലുമെത്തിച്ചു. ലോകക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ പാക്കിസ്ഥാന്റെ ഷോയിബ് അക്തറുടെ റെക്കോര്‍ഡ് ഉമ്രാന്‍ തകര്‍ക്കുമെന്നാണ് പ്രവചനങ്ങള്‍. 2003 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അക്തറിന്റെ റെക്കോര്‍ഡ് പിറന്നത്. മണിക്കൂറില്‍ 161.3 കിലോ മീറ്റര്‍ വേഗതയിലാണ് അക്തര്‍ അന്ന് പന്തെറിഞ്ഞത്.
തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഉമ്രാനെ സഹായിക്കുന്നതില്‍ തനിക്ക് സന്തോഷം മാത്രമെയുള്ളെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അക്തര്‍. ന്യൂസ് 24-ന് നല്‍കിയ അഭിമുഖത്തിലാണ് അക്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
"ഞാന്‍ 26 അടി ദൂരത്തില്‍ നിന്ന് ഓടി വന്നാണ് പന്തെറിയുന്നത്. പക്ഷെ ഉമ്രാന്‍ എടുക്കുന്നത് 20 അടി മാത്രമാണ്. 26 അടി ദൂരത്തിലേക്ക് ഉമ്രാന്‍ മാറുമ്പോള്‍ അത് പ്രകടമാകും. സമയം മുന്നോട്ട് പോകുന്നതനുസരിച്ച് അവന്‍ അത് മനസിലാക്കുമെന്ന് എനിക്ക് ഉറപ്പാണ്. അവന് എന്ത് സഹായം വേണമെങ്കിലും ഞാന്‍ ഉണ്ടാകും. എന്റെ റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ അത് ചെയ്തോളു, 20 വര്‍ഷമായി ആരെങ്കിലും അത് തകര്‍ക്കണ്ടെ. അത് മറികടക്കുന്നയാളെ ആദ്യം ആലിംഗനം ചെയ്യുന്നത് ഞാനായിരിക്കും," അക്തര്‍ പറഞ്ഞു.
"ഉമ്രാന്‍ നല്ലൊരു ബോളറാണ്. നല്ല റണ്ണപ്പും വേഗതയുമുണ്ട്. ഉമ്രാന്‍, നീ ഭയപ്പെടാതെ ധൈര്യത്തോടെ പന്തെറിയുന്നത് തുടരുക. സാങ്കേതിക വശങ്ങള്‍ മനസിലാക്കുക. സമീപനം മാറ്റാന്‍ തയാറാകരുത്. റണ്‍സ് വഴങ്ങിയാലും നമ്മുടെ അഗ്രഷന്‍ തുടരുക. മൈതാനത്ത് എത്തുമ്പോള്‍ അവിടം നിന്റേതാകണം, പ്രതീക്ഷ കൈവിടരുത്. കഠിനമായി പരിശീലിക്കുക. നി മികച്ച ഒരു രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. അവിടെ ജനങ്ങള്‍ ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഇടമാണ്. അവരെ നിരാശരാക്കരുത്," അക്തര്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us