സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരായ തോല്‍വി ഏഷ്യ കപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കഠിനമാക്കിയിരിക്കുകയാണ്. സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് എതിരാളികള്‍.
രണ്ട് കളികളും രോഹിതിനും കൂട്ടര്‍ക്കും ജീവന്‍ മരണ പോരാട്ടമായിരിക്കും. ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സ്വഭാവികമായും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്യും.
ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യതകള്‍
അടുത്ത രണ്ട് മത്സരങ്ങള്‍ ജയിക്കുകയും പാക്കിസ്ഥാന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ ശ്രീലങ്ക അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്കുള്ള പ്രവേശനം.
ഈ സാഹചര്യം ഒഴിവാക്കാന്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വലിയ വിജയം തന്നെ സ്വന്തമാക്കേണ്ടി വരും. നിലവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് -0.126 ആണ്. രണ്ട് പോയിന്റ് വീതമുള്ള ശ്രീലങ്കയ്ക്കും (+0.589), പാക്കിസ്ഥാനും (+0.126) ഇന്ത്യയേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റുണ്ട്.
ഇന്ത്യയും പാക്കിസ്ഥാനും അടുത്ത മത്സരങ്ങള്‍ എല്ലാം ജയിച്ചാല്‍ മറ്റൊരു ക്ലാസിക് പോരാട്ടത്തിന് കൂടി കളമൊരുങ്ങും. ഏഷ്യ കപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ഓരോ വിജയം വീതം സ്വന്തമാക്കി. ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ സൂപ്പര്‍ ഫോറിലായിരുന്നു പാക് ജയം.