ഒരു കാലത്ത് ലോക ക്രക്കറ്റില്‍ ഏതൊരു ബാറ്ററേയും ഭയപ്പെടുത്തിയിരുന്നു പാക്കിസ്ഥാന്‍ താരം ഷോയിബ് അക്തറിന്റെ ബൗണ്‍സറുകള്‍. പക്ഷെ നിരന്തരമായ പരിക്കുകള്‍ തിരിച്ചടിയായതോടെയായിരുന്നു താരത്തിന് കളി അവസാനിപ്പിക്കേണ്ടി വന്നത്. പരിക്കുകളും തുടര്‍ച്ചയായുള്ള ശസ്ത്രക്രിയകളും താരത്തിന്റെ ജീവിതത്തെ ബാധിച്ചിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ സംബന്ധിച്ചുള്ള വീഡിയോ അക്തര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുട്ടിന്റെ പരിക്കാണ് താരത്തെ വീണ്ടും ഓപ്പറേഷന്‍ മുറിയിലെത്തിച്ചത്. മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് കരിയറില്‍ നിരവധി മത്സരങ്ങള്‍ അക്തറിന് നഷ്ടമായിരുന്നു. 11 വര്‍ഷമായി പരിക്ക് വേട്ടയാടുകയാണ് അക്തറിനെ.
“ശസ്ത്രക്രിയക്ക് ശേഷം പുറത്തെത്തി. 5-6 മണിക്കൂര്‍ നീണ്ടു നിന്നു ശസ്ത്രക്രിയ. ഇപ്പോള്‍ ചെറിയ വേദനയുണ്ട്, നിങ്ങളുടെ ആശംസകള്‍ കൂടെയുണ്ടാകണം, ഇത് അവസാനത്തെ ശസ്ത്രക്രിയയാകുമെന്ന് പ്രതീക്ഷിക്കുന്നു,” അക്തര്‍ വീഡിയോയില്‍ പറയുന്നു.
“എനിക്ക് കൂടുതല്‍ കാലം ക്രിക്കറ്റില്‍ തുടരാമായിരുന്നു. പക്ഷെ അങ്ങനെയൊരു തീരുമാനമെടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം വീല്‍ ചെയറില്‍ ആകുമായിരുന്നു,” താരം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന് വേണ്ടി 46 ടെസ്റ്റ്, 163 ഏകദിനം, 15 ട്വന്റി 20 എന്നിവ അക്തര്‍ കളിച്ചു. ടെസ്റ്റില്‍ 178 വിക്കറ്റുകള്‍ താരം നേടി. ഏകദിനത്തില്‍ 247 തവണ ബാറ്റര്‍മാരെ പവലിയനിലെത്തിക്കാനും അക്തറിനായി.
ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ ( 161kmph ) റെക്കോര്‍ഡ് അക്തറിന്റെ പേരിലാണ്. 2002 ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു പ്രകടനം.