ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം ഗംഭീര തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയ്ക്കുവേണ്ടി പരമ്പരയിലുടനീളം സ്ഥിരതയോടെ ബാറ്റ് വീശിയ താരമാണ് ഇഷാന് കിഷന്. രണ്ട് അര്‍ധ സെഞ്ചുറികളടക്കം നാല് കളികളില്‍ നിന്ന് 191 റണ്‍സ് ഇടം കയ്യന്‍ ബാറ്റര്‍ നേടി. 146.92 ആണ് പ്രഹരശേഷി.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കഴിയുന്നതെല്ലാം ഇഷാന് ചെയ്യുന്നുണ്ടെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഗ്രെയിം സ്മിത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. “ഒരു യുവതാരമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് ചെയ്യാന്‍ സാധിക്കുക. അത് ഇഷാന് ചെയ്യുന്നുണ്ട്. സെലക്ടര്‍മാര്‍ക്ക് വലിയ സമ്മര്‍ദമാണ് ഇഷാന് നല്‍കുന്നത്,” സ്മിത്ത് വ്യക്തമാക്കി.
“പിന്നണിയിലെ കാര്യങ്ങളും മനസിലാക്കേണ്ടതായുണ്ട്. പരിചയസമ്പന്നരും മികച്ച കളിക്കാരുമായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ. എല്‍ രാഹുല്‍ തുടങ്ങിയ കളിക്കാരാണ് ടീമിലേക്ക് മടങ്ങിയെത്താനായുള്ളത്. അതുകൊണ്ട് തന്നെ ഇഷാനെ ചുറ്റിപ്പറ്റിയുള്ള പദ്ധതികള്‍ എന്താണെന്ന് എനിക്ക് അറിയില്ല,” സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ എന്നീ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. അതേസമയം, കെ. എല്‍ . രാഹുലിന് പരിക്ക് മൂലമാണ് പരമ്പര നഷ്ടമായത്. ഈ മാസം നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലും ഇഷാന് ഭാഗമാണ്.
Also Read: ശ്രീലങ്കന്‍ പ്രതിസന്ധി: ക്യൂവില്‍ ആയിരങ്ങള്‍; ബണ്ണും ചായയും വിളമ്പി ക്രിക്കറ്റ് താരം റോഷൻ മഹാനാമ