കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദ്രാവിഡ് ബെംഗളൂരുവിലേക്ക് തിരിച്ചതായാണ് വിവരം.
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന സമയത്തും ദ്രാവിഡ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ടീമിനൊപ്പം അദ്ദേഹം തുടരുകയായിരുന്നു.
മൂന്നാം മത്സരത്തിനായി തിരുവനന്തപുരത്തേക്ക് ടീമിലെ മറ്റ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും എത്തും.
ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ ദ്രാവിഡ് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് കരകയറിയായിരുന്നു ഇന്ത്യ വിജയം കൈവരിച്ചത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 86 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു.
103 പന്തില്‍ 64 റണ്‍സുമായി പൊരുതിയ കെ എല്‍ രാഹുലിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. അവസാന മത്സരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ്.