അബുദാബി: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കേവലം 92 റണ്‍സിനൊതുക്കിയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ 14-ാം സീസണിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്. ബാംഗ്ലൂരിന്റെ ബാറ്റിങ് നിരയെ തകര്‍ത്തതില്‍ പ്രധാന പങ്കു വഹിച്ചത് ആന്ദ്രെ റസലും, വരുണ്‍ ചക്രവര്‍ത്തിയും. ഇരുവരും മൂന്ന് വീതം വിക്കറ്റും നേടി. ഗ്ലന്‍ മാക്സ്വല്‍, സച്ചിന്‍ ബേബി, വനിന്ദു ഹസരങ്ക എന്നിവരുടെ വിക്കറ്റാണ് വരുണ്‍ നേടിയത്. വരുണ്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിരാട് കോഹ്ലി.
“വളരെ മികച്ച് നില്‍ക്കുന്ന പ്രകടനം. ഇന്ത്യക്കായി കളിക്കുന്ന സമയത്ത് അയാള്‍ നിര്‍ണായകമാകുമെന്ന് ഞാന്‍ പറയുകയായിരുന്നു. എല്ലാ യുവതാരങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രകടനമാണ് വേണ്ടത്. എങ്കില്‍ ഇന്ത്യയുടെ ബഞ്ച് സ്ട്രെങ്ത് എന്നും ശക്തിയോടെ നിലനില്‍ക്കും. ഇന്ത്യക്കായി അടുത്തു തന്നെ വരുണ്‍ കളിക്കുമെന്നതില്‍ സംശയം ഇല്ല,” കോഹ്ലി മത്സരശേഷം പറഞ്ഞു.
ജൂലൈയില്‍ ശ്രീലങ്കക്കെതിരായി നടന്ന പരമ്പരയിലാണ് വരുണ്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരമാകാനും വരുണിന് കഴിഞ്ഞിരുന്നു. ഇന്ത്യക്കായി കളിച്ചത് നിലവിലെ പ്രകടനത്തിന് എങ്ങനെ സഹായകമായെന്നത് വിശദീകരിക്കുകയാണ് താരം.
“പന്ത് കൈയില്‍ ലഭിക്കുമ്പോള്‍ ഞാന്‍ പിച്ചിനെ വിശകലനം ചെയ്യും. ബാറ്റിങ്ങിന് അനുകൂലമായിരുന്നു, പക്ഷെ പവര്‍പ്ലേയില്‍ നന്നായി എറിയാന്‍ കഴിഞ്ഞു. എനിക്ക് ശേഷം വരുന്ന ബോളര്‍മാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ കളിയെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യക്കായി കളിച്ചത് ആശ്വാസം നല്‍കിയ ഒന്നായിരുന്നു. ചുറ്റുമുള്ളവര്‍ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു, കാരണം 26-ാം വയസിലാണ് ഞാന്‍ തുടങ്ങിയത്,” വരുണ്‍ വ്യക്തമാക്കി.