രോഹിത് ശര്‍മ – കെ എല്‍ രാഹുല്‍ സഖ്യത്തെ മാറ്റി നിര്‍ത്തി ട്വന്റി 20-യില്‍ ഓപ്പണിങ്ങില്‍ യുവതാരങ്ങളെ പരീക്ഷിക്കാനുള്ള ഇന്ത്യന്റെ ടീമിന്റെ ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നല്‍കാന്‍ ശുഭ്മാന്‍ ഗില്ലിനും ഇഷാന്‍ കിഷനും കഴിഞ്ഞിരുന്നില്ല.
നിര്‍ണായകമായ മൂന്നാം ട്വന്റി 20 വരാനിരിക്കെ ഓപ്പണിങ്ങില്‍ ഇന്ത്യ മാറ്റങ്ങള്‍ക്ക് തയാറാകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയയുടെ പ്രതികരണം.
വരാനിരിക്കുന്നത് പരമ്പരയിലെ അവസാന മത്സരമാണ്. ശുഭ്മാന്‍ ഗില്ലിന്റെ കളി നാം കണ്ടതാണ്. പൃഥ്വി ഷാ വളരെ മികച്ച യുവതാരമാണ്. ആക്രമിച്ച് കളിക്കുന്നതിന് പ്രശസ്തി നേടിയ താരം. ഗില്ലിന്റെ സ്ഥാനത്ത് പൃഥ്വിക്ക് അവസരം നല്‍കാവുന്നതാണ്. സ്ഥിരതയോടെ കളിക്കാനായാണ് പൃഥ്വിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും, കനേരിയ വ്യക്തമാക്കി.
ഗില്ലൊരു പ്രതിഭയാണെന്നതില്‍ സംശയമില്ല. പക്ഷെ ബാറ്റിങ്ങിലെ പോരായ്മകള്‍ പരിഹരിക്കേണ്ടതുണ്ട്. സ്പിന്നര്‍മാരെ നേരിടുന്നതില്‍ കൂടുതല്‍ മികവ് പുലര്‍ത്തണം, ചിലപ്പോള്‍ സാഹചര്യങ്ങള്‍ ദുഷ്കരമായതിനാലാവാം, കനേരിയ കൂട്ടിച്ചേര്‍ത്തു.
ട്വന്റി 20-യില്‍ ഗില്‍ ഇതുവരെ നേടിയത് 76 റണ്‍സ് മാത്രമാണ്, ശരാശരി കേവലം 15.2. പ്രഹരശേഷി 128.82 മാത്രമാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ 11 റണ്‍സാണ് ഗില്‍ നേടിയത്.