ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശംസ ഇതിഹാസങ്ങളായ സച്ചിന് തെന്‍ഡുല്‍ക്കര്‍, വിവിയന്‍ റിച്ചാര്‍ഡ്സ് അല്ലെങ്കില്‍ വിരാട് കോഹ്ലി എന്നിവര്‍ക്കൊപ്പം പേര് ചേര്‍ത്ത് പറയപ്പെടുമ്പോഴാണ്. റെക്കോര്‍ഡുകള്‍ ഒരുപാട് സ്വന്തമാക്കിയെന്നതിലുപരി, ക്രിക്കറ്റിനെ അടിമുടി മാറ്റിയെടുക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്.
നിലവിലെ സെന്‍സേഷനായ സൂര്യകുമാര്‍ യാദവിനെ ഇതിഹാസങ്ങള്‍ക്കും മുകളില്‍ പരിഗണിച്ചിരിക്കുകയാണ് ലോകകപ്പ് ജേതാവും മുന്‍ ഇന്ത്യന്‍ നായകനുമായ കപില്‍ ദേവ്. നൂറ്റാണ്ടില്‍ ഒരു തവണ മാത്രം സംഭവിക്കുന്ന പ്രതിഭാസമെന്നണ് കപില്‍ സൂര്യയെ വിശേഷിപ്പിച്ചത്.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ കേവലം 51 പന്തില്‍ 112 റണ്‍സ് നേടിയ സൂര്യയുടെ പ്രകടനത്തിന് പിന്നാലെയാണ് കപിലിന്റെ വാക്കുകള്‍. സൂര്യകുമാറിന്റെ മൂന്നാം ട്വന്റി 20 സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 228 റണ്‍സാണ് നേടിയത്. 91 റണ്‍സിന്റെ വിജയവും സ്വന്തമാക്കി.
“സൂര്യകുമാറിന്റെ പ്രകടനത്തെക്കുറിച്ച് പറയാന്‍ ചിലപ്പോള്‍ വാക്കുകള്‍ കിട്ടാതെ പോകാറുണ്ട്. സച്ചിന് തെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെയൊക്കെ ഒപ്പം ചേര്‍ക്കാന്‍ നമുക്ക് തോന്നുന്ന ചില താരങ്ങളുണ്ടാകും. ഇന്ത്യയില്‍ കഴിവുള്ള നിരവധി ക്രിക്കറ്റര്‍മാരുണ്ട്. പക്ഷെ സൂര്യകുമാറിന്റെ ബാറ്റിങ് മികവ് ബോളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്,” കപില്‍ വ്യക്തമാക്കി.
“ലൈനും ലെങ്തും നിഷ്പ്രയാസം മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. എബി ഡീവില്ലിയേഴ്സ്, റിച്ചാര്‍ഡ്സ്, സച്ചിന്, വിരാട്, റിക്കി പോണ്ടിങ് തുടങ്ങിയ ഐതിഹാസിക ബാറ്റര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷെ സൂര്യകുമാറിനെ പോലെ മികവോടെ ഷോട്ടുകള്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ ചുരുക്കമാണ്. ഇത്തരം താരങ്ങള്‍ നൂറ്റാണ്ടില്‍ ഒന്നെ സംഭവിക്കുകയുള്ളു,” കപില്‍ കൂട്ടിച്ചേര്‍ത്തു.