ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കഴിയാതെയാണ് ഓസ്ട്രേലിയ കീഴടങ്ങിയത്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഇനി ഒരു തിരിച്ചുവരവ് ഓസീസിന് സാധ്യമാവുകയുള്ളു. ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ എന്തായാലും കടുത്ത പ്രതീക്ഷയിലാണ്, ഒപ്പം ഇന്ത്യന്‍ ടീമിന് ചില മുന്നറിയിപ്പുകളും താരം നല്‍കിയിട്ടുണ്ട്.
പരമ്പരയില്‍ ഇതുവരെ തിളങ്ങിയ ഓസീസ് താരങ്ങളില്‍ ഒരാള്‍ സ്പിന്നര്‍ ടോഡ് മര്‍ഫിയാണ്. തന്റെ കന്നിയങ്കത്തില്‍ തന്നെ ഏഴ് വിക്കറ്റുകളാണ് മര്‍ഫി കൊയ്തത്. നാഥാന്‍ ലയണിന്റെ പിന്‍മുറക്കാരന്‍ മര്‍ഫിയാണെന്നുമാണ് ലീ കരുത്തുന്നത്.
“ലയണിന് ശേഷം ആര്? 22 വയസുകാരനായ സൂപ്പര്‍സ്റ്റാര്‍ ഓഫ് സ്പിന്നറായ ടോഡ് മര്‍ഫിയിലൂടെ ഓസ്ട്രേലിയ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതായാണ് തോന്നുന്നത്. ഇന്ത്യക്കെതിരായ ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും മര്‍ഫിയുടെ പ്രകടനം എടുത്തു നിന്നു,” ബ്രെറ്റ് ലീ തന്റെ യൂട്യൂബ് ചാനലിലൂടെ പുകഴ്ത്തി.
“നാഗ്പൂരില്‍ 124 റണ്‍സ് വഴങ്ങിയാണ് മര്‍ഫി ഏഴ് വിക്കറ്റെടുത്തത്. കെ എല്‍ രാഹുല്‍, രവി അശ്വിന്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരും മര്‍ഫിയുടെ വിക്കറ്റില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ദുഷ്കരമായ സാഹചര്യത്തില്‍ ഇനിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ മര്‍ഫിക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ,” ലീ കൂട്ടിച്ചേര്‍ത്തു.
മര്‍ഫിയെ ഇന്ത്യ മാത്രമല്ല മറ്റ് ടീമുകളും ശ്രദ്ധയോടെ നേരിടണമെന്നും ലീ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ പരമ്പരകളില്‍ ഒന്നായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതാണ് മര്‍ഫിയിലേക്ക് ലീയെ ആകര്‍ഷിച്ചത്.