വിരാട് കോഹ്ലിയുടെ ഊര്‍ജത്തേയും പ്രതിബദ്ധതയേയും എല്ലാ കാലത്തും ആരാധിച്ചിട്ടുണ്ടെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന് ബെന്‍ സ്റ്റോക്ക്സ്. വിരാട് കോഹ്ലിയുടെ ആശംസയ്ക്ക് മറുപടിയിലാണ് സ്റ്റോക്ക്സ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സ്റ്റോക്ക്സ് താന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ മത്സരബുദ്ധിയുള്ളയാളാണെന്നായിരുന്നു കോഹ്ലിയുടെ വാക്കുകള്‍.
“നോക്കൂ, മൂന്ന് ഫോർമാറ്റിലും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായായിരിക്കും വിരാട് കോഹ്ലി വാഴ്ത്തപ്പെടുക. അദ്ദേഹം ഒരു അസാധാരണ കളിക്കാരനാണ്. അദ്ദേഹത്തെപ്പോലൊരാള്ക്കെതിരെ കളിച്ചപ്പോഴെല്ലാം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്,” സ്റ്റോക്ക്സ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.
“കോഹ്ലി കളിയിലേക്ക് നല്കുന്ന ഊര്‍ജവും പ്രതിബദ്ധതയും എല്ലാക്കാലത്തും ഞാന്‍ ആരാധിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കളിക്കുന്നതിന് മുന്‍പ് തന്നെ. ഇത്തരത്തിലുള്ള താരങ്ങള്‍ക്കെതിരെ കളിക്കുമ്പോഴാണ് ഉയർന്ന തലത്തിൽ കളിക്കുന്നതിന്റെ അര്‍ത്ഥം എല്ലാവര്ക്കും മനസിലാകുന്നത്,” സ്റ്റോക്ക്സ് കൂട്ടിച്ചേര്‍ത്തു.
“ഇനിയും കളത്തില്‍ ഞങ്ങള്‍ ഏറ്റുമുട്ടും. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ സന്തോഷമുണ്ട്,” സ്റ്റോക്ക്സ് പറഞ്ഞു.
70 അന്താരാഷ്ട്ര സെഞ്ചുറികള്‍ തന്റെ പേരിലുള്ള കോഹ്ലി 2019 നവംബറിന് ശേഷം ഒരു തവണ പോലും മൂന്നക്കം കടന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്റി 20 പരമ്പരകളില്‍ ഒരു മത്സരത്തില്‍ പോലും ഇരുപതിലധികം റണ്‍സ് നേടാനും കോഹ്ലിക്ക് കഴിഞ്ഞില്ല.