scorecardresearch

‘പാണ്ഡ്യ ദി കൂള്‍ ക്യാറ്റ്’; ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ ട്വന്റി 20 താരം

ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ശേഷം പാക് ഇതിഹാസം വസിം അക്രം പറഞ്ഞത്

‘പാണ്ഡ്യ ദി കൂള്‍ ക്യാറ്റ്’; ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ ട്വന്റി 20 താരം
Photo: Facebook/ Indian Cricket Team

ഹാര്‍ദിക് പാണ്ഡ്യ, ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്ന് നടത്തിയ താരം. വിവാദങ്ങള്‍, പരിക്ക്, മോശം ഫോം, ഇന്ത്യന്‍ ടീമില്‍ നിന്ന് സ്ഥാനം നഷ്ടപ്പെടല്‍ അങ്ങനെ എല്ലാത്തരം ഘട്ടങ്ങളിലൂടെയും കടന്ന് പോയി. എങ്കിലും തിരിച്ചുവന്ന് താന്‍ എന്താണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കണമെന്ന വാശി ഹാര്‍ദിക്കിനുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ശേഷം പാക് ഇതിഹാസം വസിം അക്രം പറഞ്ഞത്. ബോളിങ്ങില്‍ ആത്മവിശ്വാസത്തോടെ ബൗണ്‍സറുകള്‍ എറിഞ്ഞ് നിര്‍ണായക വിക്കറ്റുകള്‍ പിഴിതു. ബാറ്റിങ്ങില്‍ ഇന്ത്യ പരുങ്ങലിലായ സാഹചര്യത്തിലെത്തി വിജയത്തിലേക്കും നയിച്ചു.

കഴിഞ്ഞ ഐപിഎല്‍ ഫൈനല്‍ നടന്ന സായാഹ്നത്തില്‍ പാണ്ഡ്യയുടെ പക്വതയ്ക്ക് കാരണമായ മൂന്ന് കാര്യങ്ങല്‍ അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ ജിതേന്ദ്ര സിങ് പറയുകയുണ്ടായി.

“കരണ്‍ ജോഹറുമായുള്ള അഭിമുഖം, കല്യാണം പിന്നാലെ പിതാവായതും, കഴിഞ്ഞ വര്‍ഷമുണ്ടായ പിതാവിന്റെ മരണം. എല്ലാത്തിനും അതിന്റേതായ സ്വാധീനം ചെലുത്താനായിട്ടുണ്ട്. അതില്‍ ചിലത് മനസിലാക്കി തന്നെയാണ്, ചിലത് അല്ലാതെയും. ടെലിവിഷന്‍ ഷോയ്ക്ക് ശേഷം മോശം മാനസികാവസ്ഥയിലേക്ക് പോകാന്‍ അവന്‍ ആഗ്രഹിച്ചില്ല. വിവാഹത്തിന് ശേഷം സന്തോഷവാനായി ഇരിക്കാനാണ് ഹാര്‍ദിക് താത്പര്യപ്പെട്ടത്. മറ്റൊന്ന് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനം ലഭിച്ചതാണ്. അത് ഹാര്‍ദിക്കിനെ കൂടുതല്‍ ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കി,” അദ്ദേഹം വ്യക്തമാക്കി.

കരണ്‍ ജോഹറുമായുള്ള അഭിമുഖത്തിന് ശേഷം ഇനി തന്നെപ്പറ്റി ഒരു വിവാദവും താങ്കള്‍ കേള്‍ക്കില്ലെന്നായിരുന്നു ഹാര്‍ദിക് ജിതേന്ദ്ര സിങ്ങിനോട് പറഞ്ഞത്. അവന്‍ വാക്കുപാലിച്ചു, അവന്റെ പിതാവ് ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടായിരിക്കും, ജിതേന്ദ്ര സിങ് പറഞ്ഞു.

വിവാദത്തിന് ശേഷം ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയ ഹാര്‍ദിക്ക് ആ രാത്രി ഉറങ്ങിയിരുന്നില്ല. സോഫയില്‍ ഉറങ്ങാതെ ഇരുന്ന ഹാര്‍ദിക്കിനോട് ജിതേന്ദ്ര സിങ് പറഞ്ഞത് ഇപ്രകാരമായിരുന്നു, “ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, വൈകാതെ തന്നെ നി ഇന്ത്യക്കായി കളിക്കും, നാളെ റിലയന്‍സ് സ്റ്റേഡിയത്തിലേക്ക് വരു,”

“അടുത്ത ദിവസം ഞങ്ങൾക്ക് കളിക്കാനായി ഞാൻ ഒരു ബാഡ്മിന്റൺ കോർട്ട് ബുക്ക് ചെയ്തിരുന്നു. മത്സരത്തിന്റെ രസവും വിനോദവും അവനിലേക്ക് തിരികെ കൊണ്ടുവരാന്‍ വേണ്ടി മാത്രം. അവൻ നന്നായി കിതച്ച് കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. താനൊരു കായികതാരമാണെന്നും ചാറ്റ് ഷോകളല്ല ഇതാണ് താൻ ചെയ്യാൻ ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞു. സംഭവിച്ച കാര്യങ്ങളില്‍ അവൻ വിഷമിക്കുന്നത് ഞാൻ കണ്ടു. എനിക്ക് അവനെ നന്നായി അറിയാം. അവൻ വളരെ വികാരാധീനനായ കുട്ടിയാണ്. അവന്റെ വസ്ത്രധാരണവും സ്റ്റൈലും കണ്ട് അളക്കരുത്, വളരെ ശുദ്ധനായ മനുഷ്യനാണ്”

താനൊരു കൂള്‍ ക്യാറ്റാണെന്ന കാര്യം ഹാര്‍ദിക്കിന് നന്നായി അറിയാം. ചില സമയത്ത് അത് മറ്റുള്ളവരും അറിയണമെന്ന് അവന്‍ ആഗ്രഹിക്കും. വിജയത്തിലേക്ക് സിക്സ് പായിച്ചതിന് ശേഷം ദിനേഷ് കാര്‍ത്തിക്കിന്റെ അഭിവാദ്യവും ഹാര്‍ദിക് സ്വീകരിച്ചു. പിന്നാലെ ഡ്രെസിങ് റൂമിലേക്ക് നോക്കി ഒരു ലുക്കും കൊടുത്തു. ആവേശപ്പോരാട്ടത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു അത്.

അവസാന ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറി നേടാന്‍ ഹാര്‍ദിക്കിനായിരുന്നില്ല. പിന്നാലെ പാക്കിസ്ഥാന്‍ ക്യാമ്പില്‍ ആത്മവിശ്വാസം ഉണര്‍ന്ന്. മറുവശത്തുണ്ടായിരുന്നു കാര്‍ത്തിക്കിലും ആശങ്ക. പക്ഷെ ഹാര്‍ദിക് പതിയെ കണ്ണടച്ചു, വിക്രം സിനിമയില്‍ കമല്‍ഹാസന്‍ പറഞ്ഞ പോലെ താ പാത്തുക്കലാം എന്ന മട്ടിലായിരുന്നു പാണ്ഡ്യ. അടുത്ത പന്തില്‍ അനായാസം സിക്സടിച്ച് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Hardik the cool cat indias most valuable t20 player