കഴിഞ്ഞ വർഷങ്ങളിലെ ഐപിഎല്ലിൽ ആരാധകർ കണ്ട മാക്‌സ്‌വെൽ അല്ല കഴിഞ്ഞ രണ്ടു കളികളിൽ റോയൽ ചലഞ്ചേഴ്സിനായി ഇറങ്ങിയ മാക്‌സ്‌വെൽ. ആദ്യ മത്സരത്തിൽ 100 മീറ്റർ ദൂരത്തേക്ക് സിക്സർ പായിച്ച് ആരാധകരെ വിസ്മയിപ്പിച്ച മാക്‌സ്‌വെൽ രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ചുറിയുമായി താൻ ”തിരുമ്പി വന്തിട്ടെൻ” എന്ന് ആരാധകരോട് പ്രഖ്യാപിച്ചിരിക്കുകയാണ്. ടീം സമ്മർദ്ദത്തിലായ ഘട്ടത്തിലും പതറാതെ നിന്ന് ബാറ്റ് ചെയ്ത മാക്സ്‌വെല്ലിനെ അഭിനന്ദിച്ച് നിരവധി പേരാണ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ കുറിച്ചത്. അതിനു പുറകെ ബാംഗ്ലൂരിന്റെ ടീം കോച്ച് സൈമൺ കാറ്റിച്ചും മാക്സ്‌വെല്ലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മാക്‌സ്‌വെൽ ഒരുപാട് പക്വത കാണിക്കുന്നുണ്ട് എന്നാണ് കാറ്റിച്ച് പറയുന്നത്. സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ കോഹ്ലി,ഡി വില്ലിയേഴ്‌സ് ഉൾപ്പടെയുള്ളവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോൾ ആ സമ്മർദ്ദത്തെ അതിജീവിച്ച് മത്സരത്തിനെ മുന്നോട്ട് കൊണ്ട് പോയതും അവസാന ഓവറുകളിൽ അധിക റൺസുകൾ നേടി ടീമിന് നല്ലൊരു സ്കോർ നൽകിയതും മാക്‌സ്‌വെലിന്റെ അനുഭവവും പക്വതയുമാണെന്ന് കാറ്റിച്ച് പറഞ്ഞു.
Read Also: ആർസിബിക്ക് വ്യക്തമായ പ്ലാനുകളുണ്ട്; ആദ്യ രണ്ട് ജയങ്ങളിലും അമിതാവേശമില്ല: വിരാട് കോഹ്‌ലി
ഫീൽഡ് സെറ്റിങ്ങിൽ ഉൾപ്പടെ ക്യാപ്റ്റൻ കോഹ്‌ലിക്ക് സഹായിയായി മാക്‌സ്‌വെൽ ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും സൈമൺ കാറ്റിച്ച് പറയുന്നു. പരീശീലനത്തിൽ യുവ താരങ്ങളെ സഹായിക്കുന്നതിലും മാക്‌സ്‌വെൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും മത്സര ശേഷം ആർസിബി പങ്കുവെച്ച വിഡിയോയിൽ കോച്ച് സൈമൺ കാറ്റിച്ച് പറയുന്നു.
കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനായി 13 മത്സരങ്ങൾ കളിച്ച മാക്‌സ്‌വെൽ 108 റൺസ് മാത്രമാണ് നേടിയത്. 15 റൺസ് മാത്രമായിരുന്നു ആവറേജ്. അവിടെ നിന്നാണ് ഈ ഐപിഎൽ സീസണിൽ രണ്ടാമത്തെ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ചുറിയുമായി ബാംഗ്ലൂർ ടീമിന്റെ അഭിവാജ്യ ഘടകമായി മാക്‌സ്‌വെൽ മാറിയത്.
2016 മുതൽ 5 വർഷം ഐപിഎല്ലിൽ ഒരു അർദ്ധ സെഞ്ചുറി പോലും മാക്സ്‌വെല്ലിന് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ പഞ്ചാബിനായി സീസണിൽ ഒരു സിക്സർ പോലും നേടാൻ കഴിയാതെ വന്നതോടെയാണ് ലേലത്തിന് മുന്നോടിയായി മാക്സ്‌വെല്ലിനെ ഒഴിവാക്കിയത്. എന്നാൽ ലേലത്തിൽ 14.25 കോടി എന്ന വലിയ തുകയ്ക്ക് മാക്സ്‌വെല്ലിനെ സ്വന്തമാക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ സീസണുകളിൽ മോശം പ്രകടനത്തിന് പഴി കേട്ട മാക്‌സ്‌വെൽ രണ്ടു മത്സരങ്ങളിൽ ബാംഗ്ലൂർ വിജയത്തിൽ പങ്കാളിയായി.