ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ, മുന്‍ നായകന് വിരാട് കോഹ്ലി എന്നിവര്‍ ഫോമിലുള്ള സാഹചര്യത്തിലും ട്വന്റി 20 ടീമില്‍ നിന്ന് ഒന്നിലധികം തവണ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇരുവരും കുട്ടിക്രിക്കറ്റിലേക്ക് തിരിച്ച് വരുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
പുതിയ സെലക്ഷന് കമ്മിറ്റിയുടെ പദ്ധതികളെക്കുറിച്ചും വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിതിന്റേയും കോഹ്ലിയുടേയും പ്രാധാന്യത്തെകുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് സുനില്‍ ഗവാസ്കര്‍. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് തയാറെടുക്കുന്നതിനാണ് ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുന്നതെന്നും അതിനാലാണ് യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതെന്നും ഇന്ത്യ ടുഡെയ്ക്ക് നല്കി അഭിമുഖത്തില്‍ ഗവാസ്കര്‍ പറഞ്ഞു.
“അടുത്ത ട്വന്റി 20 ലോകകപ്പ് 2024-ലാണ്. സെലക്ഷന് കമ്മിറ്റി യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. അതിനര്‍ത്ഥം രോഹിതിനേയും കോഹ്ലിയേയും പരിഗണിക്കില്ലെന്നല്ല. 2023-ല്‍ ഫോം നിലനിര്‍ത്താനായാല്‍ അവര്‍ തീര്‍ച്ചയായും ടീമിലുണ്ടാകും. മറ്റൊരു പ്രധാന കാര്യ ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കുന്നു എന്നതാണ്. സെലക്ടര്‍മാര്‍ അതിനാലായിരിക്കണം ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുന്നത്,” ഗവാസ്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകളില്‍ നിന്ന് ഇരുവരും ഒഴിവാക്കപ്പെട്ടിരുന്നു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ടീമിലും ഇരുവരുമില്ല. എന്നാല്‍ ഏകദിന ടീമില്‍ സ്ഥാനം പിടിക്കാന്‍ രോഹിതിനും കോഹ്ലിക്കുമായി.
ഈ വര്‍ഷം ഇന്ത്യക്ക് രണ്ട് ട്വന്റി 20 പരമ്പരകള്‍ കൂടിയാണുള്ളത്. ഒന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ്. ഇത് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി നടക്കും. മറ്റൊന്ന് ഏകദിന ലോകകപ്പിന് ശേഷമായിരിക്കും.