കലാങ്ങളായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ് ടീം ക്യാപ്റ്റന്മാര്. മന്‍സൂര്‍ അലി ഖാന് പട്ടോടി, സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിങ്ങനെ നീളുന്നു പട്ടിക. കണക്കിലും കളത്തിലും മേല്‍പ്പറഞ്ഞവരുടെ മികവ് പ്രകടമാണ് എന്നതില്‍ തര്‍ക്കമില്ല.
സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നീ വ്യത്യസ്ത നായകന്മാരുടെ കീഴില്‍ കളിച്ച താരമാണ് വിരേന്ദര്‍ സേവാഗ്. ഗാംഗുലിയ്ക്കൊപ്പമുള്ള കാലഘട്ടം സേവാഗിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകന് കോഹ്ലിയാണ് ഏറ്റവും മികച്ചതെന്നും എന്നാല്‍ കോഹ്ലിക്ക് ഗാംഗുലിയെ പൊലെ ഒരു ടീമിനെ സൃഷ്ടിക്കാനായില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് സേവാഗ്.
“സൗരവ് ഗാംഗുലി ഒരു ടീമിനെ ഉണ്ടാക്കിയെടുത്തു. പുതിയ താരങ്ങലെ കൊണ്ടുവന്നു. അവരുടെ താഴ്ചയിലും ഉയര്‍ച്ചയിലും പിന്തുണച്ചു. കോഹ്ലി തന്റെ സമയത്ത് ഇത് ചെയ്തിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്,” സ്പോര്‍ട്ട്സ് 18 ന് നല്കിയ അഭിമുഖത്തില്‍ സേവാഗ് പറഞ്ഞു.
യുവതാരങ്ങളുടെ നായകനായിരുന്നു ഗാംഗുലിയെന്നും സേവാഗ് ചൂണ്ടിക്കാണിച്ചു. ഗാംഗുലിയുടെ കാലഘട്ടത്തിലാണ് സഹീര്‍ ഖാന്, യുവരാജ് സിങ്, ആശിഷ് നെഹ്റ, സേവാഗ്, ഹര്ഭജന് സിങ് പോലുള്ള താരങ്ങള്‍ ഉയര്‍ന്നു വന്നത്. പിന്നീട് ഇന്ത്യയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിക്കാന്‍ മേല്‍പ്പറഞ്ഞ താരങ്ങള്‍ സാധിച്ചു.
“കോഹ്ലിയുടെ കീഴില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ജയിച്ചാലും തോറ്റാലും ടീമിനെ മാറ്റുന്ന ഒരു ശീലം രണ്ട് മൂന്ന് വര്‍ഷം നിലനിന്നിരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു മികച്ച ക്യാപ്റ്റന്‍ ഒരു ടീമിനെ ഉണ്ടാക്കുകയും താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യും. ചില താരങ്ങളെ മാത്രം കോഹ്ലി പിന്തുണച്ചു,” സേവാഗ് വ്യക്തമാക്കി.
Also Read: KKR vs LSG: ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹൃദയാഘാതം നല്കിയ ലാസ്റ്റ് ഓവര്‍; വീഡിയോ