മുംബൈ: അമ്പാട്ടി റായിഡുവിന്റെ വിരമിക്കലില്‍ ഇന്ത്യന്‍ ടീം സെലക്ഷന് കമ്മിറ്റിക്കെതിരെ പൊട്ടിത്തെറിച്ച് മുന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. സെലക്ടമാര്‍ അഞ്ച് പേരുടേയും റണ്‍സ് കൂട്ടിയാലും റായിഡുവിന്റെ റണ്സിനൊപ്പമെത്തില്ലെന്നും ഗംഭീര്‍ പറഞ്ഞു.
”എന്റെ അഭിപ്രായത്തില്‍, ഈ ലോകകപ്പില്‍ സെലക്ടര്‍മാര്‍ പൂര്‍ണ പരാജയമാണ്. റായിഡുവിന്റെ വിരമിക്കല്‍ തീരുമാനം അവര്‍ കാരണമാണ്. റായിഡു കരിയറിലുണ്ടാക്കിയ റണ്‍സ് അവര്‍ അഞ്ച് പേരുടേയും റണ്‍സുകള്‍ കൂട്ടിയാല്‍ പോലും എത്തില്ല. ഈ വിരമിക്കല്‍ തീരുമാനത്തില്‍ ഞാന്‍ വളരെ ദുഖിതനാണ്. പരുക്കിന്റെ സാഹചര്യത്തില്‍ ഋഷഭ് പന്തും മായങ്ക് അഗര്‍വാളും ലോകകപ്പ് ടീമിലെത്തുമ്പോള്‍ റായിഡുവിന്റെ സ്ഥാനത്ത് ആരായാലും വിഷമം തോന്നും” ഗംഭീര്‍ പറഞ്ഞു.
”രാജ്യത്തിനു വേണ്ടിയും ഐപിഎല്ലിലും വളരെ നന്നായി കളിച്ച അവനെ പോലൊരു താരം, മൂന്ന് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും നേടിയിട്ടും വിരമിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ വിഷമകരമായ നിമിഷമാണ്” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
പിന്നാലെ ഇന്ത്യന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗും റായിഡുവിന്റെ വിരമിക്കലില്‍ പ്രതികരണവുമായെത്തി. ലോകകപ്പ് ടീമില്‍ എടുക്കാതിരുന്നത് റായിഡുവിനെ വളരെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്നായിരുന്നു സെവാഗിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു വീരു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ലോകകപ്പ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്പാട്ടി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇനി മുതല്‍ അമ്പാട്ടി റായിഡു ഉണ്ടാകില്ല.
എന്നാല്‍ വിരമിക്കുന്നതിനുള്ള കാരണം അമ്പാട്ടി റായിഡു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും മാറി പുറത്തുള്ള ലീഗുകളില്‍ കളിക്കാനാണ് റായിഡു ഒരുങ്ങുന്നത്. അതേസമയം, ഐപിഎല്ലില്‍ നിന്നുകൂടി മാറുന്നതോടെ ബിസിസിഐയുമായുള്ള എല്ലാ സഹകരണവും അവസാനിക്കും.
ഇന്ത്യന്‍ ടീമില്‍ മധ്യനിര ബാറ്റ്സ്മാനായി എത്തിയ റായിഡു 50 ഏകദിന മത്സരങ്ങളില്‍ നിന്ന് 1694 റണ്‍സ് സ്വന്തമാക്കി. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധ സെഞ്ചുറികളും നേടിക്കഴിഞ്ഞ താരത്തിന്റെ പ്രഹരശേഷി 79.04 ആണ്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും അമ്പാട്ടി റായിഡു കളിച്ചിരുന്നു.
ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് അമ്പാട്ടി റായിഡു. ടീമില്‍ താരത്തിന് ഇടം ലഭിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് കേട്ടത്. ലോകകപ്പ് ടീമില്‍ നിന്ന് ശിഖര്‍ ധവാന് പരുക്കേറ്റ് പുറത്തായതിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും പരുക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പകരം മായങ്ക് അഗര്‍വാളിനെയാണ് പരിഗണിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ തരത്തിലുള്ള ട്രോളുകള്‍ക്കും അമ്പാട്ടി റായിഡു കഥാപാത്രമായി.