170, അസാദ് റൗഫ് അമ്പയറായിട്ടുള്ള അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണമാണിത്. 2000 മുതല്‍ 2013 വരെയുള്ള കാലയളവിലാണിത്. 49 ടെസ്റ്റ്, 98 ഏകദിനം, 23 ട്വന്റി 20 എന്നിങ്ങനെയാണ് വിശദമായ എണ്ണം. എന്നാല്‍ ഇന്ന് ലാഹോറിലെ ലന്‍ഡ ബസാറില്‍ കട നടത്തുകയാണ് റൗഫ്.
ഇപ്പോഴും കളികള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് റൗഫിന്റെ മറുപടി ഇപ്രകാരമായിരുന്നു, “എന്റെ ജീവിതത്തില്‍ ഒരുപാട് മത്സരങ്ങള്‍ ഞാന്‍ കണ്ടു, ഇനിയൊന്നും ബാക്കിയില്ല,” പാക്കിസ്ഥാന് ന്യൂസ് ചാനലാണ് പാക്ക് ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റൗഫിന്റെ വാക്കുകള്‍.
“2013 ന് ശേഷം കളിയുമായി ഒരു ബന്ധവും പുലര്‍ത്തിയിട്ടില്ല. കാരണം ഞാന്‍ എന്തെങ്കിലും ഉപേക്ഷിച്ചാല്‍ അത് പൂര്‍ണമായുള്ള ഉപേക്ഷിക്കലായിരിക്കും”
2013 ഐപിഎല്ലിലെ ഒത്തുകളി വിവാദത്തിൽ വാതുവെപ്പുകാരിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ വാങ്ങിയെന്നാരോപിച്ച് റൗഫിനെ 2016 ല്‍ അഞ്ച് വര്‍ഷത്തേക്ക് ബിസിസിഐ ബാന്‍ ചെയ്തിരുന്നു.
“വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഐപിഎല്ലിലാണ് ഞാന്‍ എന്റെ ഏറ്റവും മികച്ച സമയം കണ്ടെത്തിയത്. ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയ്ക്ക് കാരണമായ ആരോപണങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല”
മുംബൈ ആസ്ഥാനമായുള്ള ഒരു മോഡലിൽ നിന്നുള്ള ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പേരില്‍ 2012 ല്‍ റൗഫ് വാർത്തകളിൽ ഇടം നേടിയിരുന്നു. പാകിസ്ഥാൻ അമ്പയറുമായി തനിക്ക് ബന്ധമുണ്ടെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കുകയും പിന്നിട് അദ്ദേഹം പിന്മാറിയെന്നുമായിരുന്നു യുവതിയുടെ ആരോപണം. പത്തുവർഷം മുന്‍പ് ആരോപണം നിഷേധിച്ച റൗഫ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നിലപാടിൽ ഉറച്ചു നില്‍ക്കുകയായിരുന്നു.
Also Read: FIFA World Cup 2022: ആരാധകര്‍ അങ്ങനെ ആറാടണ്ട; ഖത്തര്‍ ലോകകപ്പിന് ലൈംഗിക നിയന്ത്രണവും
“പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ വന്നതിന് ശേഷമുള്ള ഐപിഎല്‍ സീസണിലും ഞാന്‍ അമ്പയറിങ് ചെയ്തിരുന്നു”
പാകിസ്ഥാനിൽ നിന്നുള്ള അമ്പയറിങ് നിലവാരം മെച്ചപ്പെടുത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ മാജിദ് ഖാനോട് ഐസിസി ആവശ്യപ്പെട്ടതിന്റെ ഫലമായാണ് തന്റെ അമ്പയറിങ് കരിയർ ആരംഭിച്ചതെന്ന് റൗഫ് പറയുന്നു. ഐപിഎല്‍ വിവാദങ്ങള്‍ക്ക് ശേഷമായിരുന്നു റൗഫിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നത്.
ആസാദ് റൗഫ് എന്ന കടയുടമ
ലാഹോറിലെ ലാൻഡ ബസാർ വിലകുറഞ്ഞതും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതുമായ വസ്ത്രങ്ങൾ, ഷൂസ്, മറ്റ് സാധനങ്ങൾ എന്നിവയ്ക്ക് പ്രശസ്തമാണ്. റൗഫിന്റെ കടയില്‍ വസ്ത്രങ്ങളും ഷൂസുമൊക്കെയാണ് വില്‍ക്കുന്നത്.
“ഞാന്‍ എനിക്ക് വേണ്ടിയല്ല കട നടത്തുന്നത്. ദിവസ വേതനത്തിന് നില്ക്കുന്ന ജോലിക്കാര്‍ക്ക് വേണ്ടിയാണ്. ഞാന്‍ അവര്‍ക്കായാണ് ജോലി ചെയ്യുന്നത്”
“എനിക്ക് അത്യാഗ്രഹമില്ല. ഞാൻ ധാരാളം പണവും ലോകവുമെല്ലാം കണ്ടകാണ്. എന്റെ ഒരു മകൻ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടിയാണ്. മറ്റൊരാൾ അമേരിക്കയിൽ നിന്ന് ബിരുദം പൂർത്തിയാക്കി തിരിച്ചെത്തി. ഞാനും എന്റെ ഭാര്യയും ദിവസത്തിൽ അഞ്ച് തവണ നമസ്കരിക്കാറുണ്ട്”
“എന്ത് കാര്യത്തിലിറങ്ങിയാലും ഏറ്റവും ഉന്നതിയിലെത്തുക എന്നത് എന്റെ ശീലമാണ്. ഞാനൊരു കടയില്‍ ജീവനക്കാരനായാണ് തുടങ്ങിയത്. ഇപ്പോള്‍ എനിക്ക് സ്വന്തമായി കടയുണ്ട്. ഞാന്‍ ക്രിക്കറ്റ് കളിച്ചു, അതില്‍ ഉന്നതിയിലെത്തി, അമ്പയറെന്ന നിലയില്‍ ഐസിസിയുടെ എലൈറ്റ് പാനലില്‍ അംഗമായി,” റൗഫ് പറഞ്ഞു.
Also Read: Football Transfer News: ചാമ്പ്യന്‍സ് ലീഗില്ലാതെ ക്രിസ്റ്റ്യാനോയ്ക്ക് എന്ത് ആഘോഷം; ഇനി ബയേണിലേക്കോ?