2021 ട്വന്റി 20 ലോകകപ്പ് ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ഒന്നാണ്. സെമി ഫൈനല്‍ കാണാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും മടങ്ങേണ്ടി വന്നു. എന്നാല്‍ ഓസ്ട്രേലിയയില്‍ വച്ച് നടക്കാനിരിക്കുന്ന 2022 ട്വന്റി 20 ലോകകപ്പില്‍ കിരീട സാധ്യതയുള്ള ടീമുകളില്‍ മുന്‍പന്തിയിലുണ്ട് ഇന്ത്യയും.
ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ വിലയിരുത്തുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിങ്. ഫൈനലില്‍ എത്തുന്ന ടീമുകളില്‍ ഒന്ന് ഇന്ത്യയാരിക്കുമെന്നാണ് പോണ്ടിങ് പറയുന്നത്. മറ്റൊരു ടീം ഓസ്ട്രേലിയ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ല്‍ ഓസ്ട്രേലിയയാരുന്നും കിരീടം നേടിയത്.
ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഫൈനലിൽ ഓസ്ട്രേലിയ വിജയിക്കുമെന്ന് എനിക്ക് പറയേണ്ടിവരും. കഴിഞ്ഞ തവണ കിരീടം നേടിയപ്പോള്‍ ഓസീസിന് അനുകൂലമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്, ദി ഐസിസി റിവ്യൂവില്‍ പോണ്ടിങ് പറഞ്ഞു.
കഴിഞ്ഞ ലോകകപ്പ് ഓസ്ട്രേലിയ നേടുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കി. യുഎഇയിലെ സാഹചര്യങ്ങള്‍ അതിജീവിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനുമുള്ള മാര്‍ഗം താരങ്ങള്‍ സ്വയം കണ്ടത്തിയെന്നും മുന്‍ ഓസ്ട്രേലിയന്‍ നായകന് കൂട്ടിച്ചേര്‍ത്തു.
ഓക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. 2013 ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് ശേഷം ഐസിസി കിരീടങ്ങള്‍ നേടാന്‍ നീലപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. രോഹിത് ശര്‍മ – രാഹുല്‍ ദ്രാവിഡ് ദ്വയത്തിലാണ് ആരാധകരുടെ പ്രതീക്ഷ.