ഇതിഹാസ താരം ഷെയ്ൻ വോൺ തന്റെ ലോകകപ്പിനുളള സ്വപ്ന ടീമിലേക്കായി തിരഞ്ഞെടുത്തത് ഒരേയൊരു ഇന്ത്യൻ താരത്തെ. ലോർഡ്സിൽ ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ ഷെയ്ൻ വോൺ പങ്കെടുത്തപ്പോഴാണ് ലോകകപ്പിനുളള 11 അംഗ ടീമിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. തനിക്കൊപ്പം കളിച്ചവരെയോ അല്ലെങ്കിൽ തനിക്കെതിരെ കളിച്ചവരെയോ മാത്രമേ താൻ തിരഞ്ഞെടുക്കൂവെന്ന് ആദ്യം തന്നെ മുൻ ഓസ്ട്രേലിയൻ സ്പിന്നറായ വോൺ വ്യക്തമാക്കി. ഇതോടെ നിലവിലെ താരങ്ങളായ എബി ഡിവില്ലിയേഴ്സ്, എം.എസ്.ധോണി, വിരാട് കോഹ്‌ലി അടക്കമുളള താരങ്ങൾക്ക് അസുലഭ അവസരം നഷ്ടമായി.

വോണിന്റെ ടീമിൽ ഓസ്ട്രേലിയയിൽനിന്നും നാലു താരങ്ങളാണ് ഇടം നേടിയത്. പാക്കിസ്ഥാനിൽനിന്നും ശ്രീലങ്കയിൽനിന്നും രണ്ടു പേർ വീതവും ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽനിന്നും ഓരോരുത്തർ വീതവും ഇടം നേടി. ആദം ഗിൽ ക്രിസ്റ്റും സച്ചിൻ ടെൻഡുൽക്കറും ആയിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഇതിനുശേഷം രണ്ടു തവണ ലോകകപ്പ് ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുത്ത റിക്കി പോണ്ടിങ് ഇറങ്ങും. നാലാം നമ്പരിലേക്ക് വോൺ തിരഞ്ഞെടുത്തത് ഇതിഹാസ താരം ബ്രെയിൻ ലാറയെയാണ്. അഞ്ചാമനായി തനിക്കൊപ്പം കളിച്ച താരങ്ങളിൽ മികച്ച ഓൾ റൗണ്ടറെന്നു വോൺ കരുതുന്ന മാർക് വോഗിനെയാണ്.

ലോകകപ്പ് വാർത്തകൾ വായിക്കാം

ആറാം നമ്പരിൽ ഇടം കൈയ്യൻ സ്പിന്നറായ ശ്രീലങ്കൻ താരം കുമാർ സംഗക്കാരെയാണ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫിനെയും വോൺ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോളിങ്ങിൽ ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരൻ, വസിം അക്രം, ഗ്ലെൻ മക്ഗ്രാത്ത് എന്നിവരെയാണ് വോൺ തിരഞ്ഞെടുത്തത്. ഷാഹിദ് അഫ്രീദിയുടെ ബോളിങ് വില കുറച്ചു കാണാനാവില്ല, അദ്ദേഹത്തിന്റെ ഫീൽഡിങ് മികച്ചതാണെന്ന് വോൺ പറഞ്ഞു.

ഷെയ്ൻ വോൺ തിരഞ്ഞെടുത്ത ലോകകപ്പ് ടീം

ആദം ഗിൽക്രിസ്റ്റ് (വിക്കറ്റ് കീപ്പർ), സച്ചിൻ ടെൻഡുൽക്കർ, റിക്കി പോണ്ടിങ്, ബ്രെയിൻ ലാറ, മാർക് വോഗ്, കുമാർ സംഗക്കാര, ആൻഡ്രൂ ഫ്ലിന്റോഫ്, ഷാഹിദ് അഫ്രീദി, വസിം അക്രം, മുത്തയ്യ മുരളീധരൻ, ഗ്ലെൻ മഗ്രാത്ത്

ക്രിക്കറ്റ് ലോകത്തെ മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കളിക്കാരനാണ് ഷെയ്ൻ വോൺ. 1992-ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിലും എകദിനത്തിലും കൂടി 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook