scorecardresearch
Latest News

കൂറ്റനടികളും ഓള്‍ റൗണ്ട് മികവും; ഐപിഎല്ലിലെ മികച്ച അഞ്ച് കന്നിക്കാര്‍ ഇവരാണ്

ഒരുപാട് യുവതാരങ്ങള്‍ക്ക് ദേശിയ ടീമുകളിലേക്ക് പ്രവേശനം ലഭിക്കാന്‍ അവസരമൊരുക്കുന്ന വേദിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍). പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണയും ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം

IPL

ഒരുപാട് യുവതാരങ്ങള്‍ക്ക് ദേശിയ ടീമുകളിലേക്ക് പ്രവേശനം ലഭിക്കാന്‍ അവസരമൊരുക്കുന്ന വേദിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍). പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണയും ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. മുന്‍നിരയിലേക്ക് എത്താന്‍ സാധ്യതയുള്ള ചില യുവതാരങ്ങളെ പരിചയപ്പെടാം.

ഡെവാൾഡ് ബ്രെവിസ്

ബേബി എബിഡി എന്നാണ് ദക്ഷിണാഫ്രിക്കന്‍ യുവതാരമായ ബ്രെവിസിന്റെ വിളിപ്പേര്. വലം കയ്യന്‍ ബാറ്ററായ താരം ലെഗ് ബ്രേക്ക് ബോളര്‍ കൂടിയാണ്. വിവിധ ഷോട്ടുകള്‍ കളിക്കാനുള്ള താരത്തിന്റെ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സാണ് ബ്രെവിസിനെ സ്വന്തമാക്കിയത്. 18 കാരനായ താരം ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ 506 റണ്‍സാണ് നേടിയത്. ഒരു താരം അണ്ടര്‍ 19 ലോകകപ്പില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ബ്രെവിസിന്റെ ഇഷ്ടതാരം.

രാജ്വർദ്ധൻ ഹങ്ങാർഗേക്കർ

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സാണ് ഹങ്ങാര്‍ഗേക്കറിനെ സ്വന്തമാക്കിയത്. വലം കയ്യന്‍ ബാറ്ററും മീഡിയം പേസറുമാണ് ഹങ്ങാര്‍ഗേക്കര്‍. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ കൂറ്റനടികളുമായി തിളങ്ങിയിരുന്നു താരം. നിലവില്‍ പരിക്ക് പറ്റിയിരിക്കുന്ന ദീപക് ചഹറിന് പകരക്കാരനാകാന്‍ ഹങ്ങാര്‍ഗേക്കറിന് സാധിച്ചേക്കും.

യാഷ് ദുള്‍

കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച നായകനാണ് യാഷ് ദുള്‍. വലം കയ്യന്‍ ബാറ്ററും ഓഫ് ബ്രേക്ക് ബോളറുമാണ് താരം. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് ദുള്‍ ഐപിഎല്ലില്‍ കളത്തിലിറങ്ങുക. രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ താരം കുറിച്ചിരുന്നു. അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ടീമിലെ വിജയത്തിലേക്ക് നയിച്ചതും ദുള്ളിന്റെ ശതകമായിരുന്നു.

അഭിനവ് മനോഹര്‍

മധ്യനിരയിലെ കൂറ്റനടിക്കാരന്‍, അതാണ് 27 കാരനായ അഭിനവ് മനോഹര്‍. 2.60 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് താരത്തെ സ്വന്തമാക്കിയത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്ക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ലെഗ് സ്പിന്നര്‍ കൂടെയാണ് അഭിനവ്.

റോവ്മാന്‍ പവല്‍

ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ട്വന്റി 20 യില്‍ സെഞ്ചുറി നേടിയ താരം. അടിസ്ഥാന വിലയായ 75 ലക്ഷത്തില്‍ നിന്ന് 2.80 കോടി രൂപ മുടക്കി ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു പവലിനെ സ്വന്തമാക്കിയത്. സ്കോറിങ്ങ് അതിവേഗമാക്കാനുള്ള മികവാണ് പവലിന് തുണയായത്. മീഡിയം പേസര്‍ കൂടിയായ താരത്തെ ഓള്‍ റൗണ്ടറായി ഉപയോഗിക്കാം. 2017 ല്‍ കൊല്‍ക്കത്തയുടെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

Also Read: ടെന്നിസ് ലോകത്തെ ഞെട്ടിച്ച് ആഷ്‌ ബാർട്ടി, 25-ാം വയസിൽ വിരമിക്കൽ പ്രഖ്യാപനം

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Five debutants expected to make impact in ipl 2022