”സഞ്ജുവിനെ ആര്‍ക്കാണ് പേടി,” സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിനാണിത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങളുള്ള പരമ്പരയിലേക്കുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് മലയാളി താരമായ സഞ്ജു സാംസണിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്.
ബിസിസിഐയുടെ നടപടി സഞ്ജുവിന്റെ പ്രതിഭയോടുള്ള അനാദരവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 യില്‍ കേവലം 42 പന്തില്‍ നിന്നാണ് സഞ്ജു 77 റണ്‍സ് നേടിയത്. ട്വന്റി 20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടില്‍ ഭാഗമാകാനും താരത്തിനായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തെ തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്.
സഞ്ജുവിന് ഇംഗ്ലണ്ടില്‍ മതിയായ അവസരം നല്‍കാത്തത് ലോകകപ്പ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. “സഞ്ജുവിന് ഇത്രയധികം ആരാധകരുണ്ടായതില്‍ അത്ഭുതമില്ല. അനീതി കാണിച്ച് ബിസിസിഐ സഞ്ജുവിന് രാജ്യം മുഴുവന്‍ ആരാധകരെ സമ്മാനിച്ചിരിക്കുന്നു. അവസരം കിട്ടിയപ്പോള്‍ തിളങ്ങിയ സഞ്ജുവിനെ ഒഴിവാക്കി 48 കളികളില്‍ പരാജയപ്പെട്ട റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതമില്ല. സഞ്ജും ആകെ കളിച്ച ഒരു ഏകദിനത്തില്‍ 46 റണ്‍സും നേടി, മറ്റൊരു അവസരം നല്‍കിയിട്ടില്ല,” ഒരു ആരാധകന് ട്വിറ്ററില്‍ കുറിച്ചു.
സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇംഗ്ലണ്ടിനോ ഓസ്ട്രേലിയക്കോ വേണ്ടി കളിക്കണമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. “സഞ്ജു ട്വന്റി 20 ലോകകപ്പ് ടീമിന്റെ ഭാഗമായിരിക്കില്ല എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഇത്. സഞ്ജുവിന് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നത് എന്തുകൊണ്ടെന്നാല്‍, അര്‍ഹതയുണ്ടായിട്ടും അവസരം നല്‍കാതെ തഴയുന്നതിനാലാണ്,” മറ്റൊരു ആരാധകന് വ്യക്തമാക്കി.
2021 മുതലുള്ള ഇന്ത്യയുടെ യുവ ബാറ്റര്‍മാരുടെ ട്വന്റി 20 റെക്കോര്‍ഡുകള്‍ നിരത്തി സഞ്ജുവിനായി വാദിച്ചവരുണ്ട്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരേക്കാള്‍ റണ്‍സ് സഞ്ജു നേടിയിട്ടുമുണ്ട്. സഞ്ജുവിന്റെ കഴിവ് ഉപയോഗിക്കാതെ പാഴാക്കുക എന്നത് മാത്രമാണ് ബിസിസിഐയുടെ ലക്ഷ്യമെന്നും ആരാധകര്‍ പറയുന്നു.
2015 ലാണ് സഞ്ജു ട്വന്റി 20 യില്‍ അരങ്ങേറുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്കിടെ കളിച്ചത് കേവലം 14 അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ്. ഏകദിനത്തില്‍ ലഭിച്ചതാകട്ടെ കേവലം ഒരു അവസരവും. ഇതുവരെ ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കാനുള്ള അവസരം ഇതുവരെ താരത്തിനൊരുങ്ങിയിട്ടില്ല.