ഒരോ മത്സരങ്ങള്‍ കഴിയും തോറും ആരാധകരുടെ എണ്ണം വര്‍ധിക്കുന്ന താരമാണ് സഞ്ജു സാംസണ്. അയര്‍ലന്‍ഡാവട്ടെ, വെസ്റ്റ് ഇന്ഡീസാകാട്ടെ, അമേരിക്കയാകട്ടെ, ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും സഞ്ജുവിന് ഗ്യാലറിയില്‍ നിന്നുള്ള പിന്തുണ ഉറപ്പാണ്. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷമുള്ള ചില നിമിഷങ്ങള്‍.
ഗ്രൗണ്ട് ജീവനക്കാരുടെ വണ്ടിയില്‍ നായകന് രോഹിതിനൊപ്പം ചുറ്റാനിറങ്ങിയതായിരുന്നു സഞ്ജുവും അശ്വിനും കാര്‍ത്തിക്കും. ഗ്യാലറിയിലെ ആരാധകക്കൂട്ടത്തിന് മുന്നില്‍ വണ്ടി നിര്‍ത്തിയിരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഞ്ജുവിനെ കണ്ടതും ഗ്യാലറിയില്‍ നിന്ന് ആരവം ഉയര്‍ന്നു. സഞ്ജു..സഞ്ജു..സഞ്ജു എന്നായിരുന്നു ആര്‍പ്പുവിളി.
ആദ്യ നാണിച്ച് പിന്നോട്ട് നില്‍ക്കുകയായിരുന്നു സഞ്ജു. പിന്നാലെ ഗ്യാലറിയെ നോക്കി താരത്തിന്റെ സല്യൂട്ട്. പിന്നിലേക്ക് വലിഞ്ഞു നിന്ന സഞ്ജുവിനെ അശ്വിനു കാര്‍ത്തിക്കും ചേര്‍ന്ന് മുന്നിലേക്ക് എത്തിച്ചു. സഞ്ജുവിന്റേയും കാര്‍ത്തിക്കിന്റേയും കൈകളുയര്‍ത്തി അശ്വിന് കാണികളെ അഭിവാദ്യം ചെയ്തു. പിന്നീട് രോഹിതിന് വേണ്ടിയും കാണികള്‍ ആര്‍പ്പുവിളിച്ചു.
വിന്‍ഡീസിനെതിരായ പരമ്പര 4-1 നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. നാലാമത്തേയും അഞ്ചാമത്തേയും മത്സരങ്ങളില്‍ സഞ്ജുവിന് അന്തിമ ഇലവനില്‍ ഇടം പിടിക്കാനും കഴിഞ്ഞിരുന്നു. നാലാം ട്വന്റി 20 യില്‍ 23 പന്തില്‍ 30 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. എന്നാല്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ തിളങ്ങാനായില്ല. 15 റണ്‍സായിരുന്നു സമ്പാദ്യം.