വന്നിറങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും. പിന്നാലെ സൂര്യകുമാര്‍ യാദവ്, ആര് അശ്വന്, യുസുവേന്ദ്ര ചഹല്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരും എത്തി. പക്ഷെ തിരുവനന്തപുരത്ത് പ്രതീക്ഷിച്ചതുപോലെ ആര്‍പ്പുവിളികള്‍ സഞ്ജു സാംസണിന് തന്നെയായിരുന്നു.
താരങ്ങള്‍ ഓരോരുത്തരായി ബസില്‍ കയറിയതിന് പിന്നാലെയായിരുന്നു ആരാധകക്കൂട്ടം സഞ്ജു..സഞ്ജു..എന്ന് ആര്‍ത്ത് വിളിച്ചത്. അത് കേട്ട താരങ്ങളും ആരാധകര്‍ക്കൊപ്പം നിന്നും. നായകന് രോഹിത് ശര്‍മ ആരാധകരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവയ്ക്കുകയും ചെയ്തു.
സഞ്ജുവിനുള്ള ആര്‍പ്പുവിളികള്‍ കേട്ട സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ ചിത്രം തന്റെ ഫോണില്‍ എടുത്ത് ആരാധകരെ കാണിക്കുകയായിരുന്നു. ബസില്‍ നിന്ന് ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി എടുത്ത് അശ്വിനും ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി. അതില്‍ സഞ്ജു..സഞ്ജു എന്നായിരുന്നു താരം കൊടുത്ത ക്യാപ്ഷന്‍.
ചഹലും ഒട്ടുകുറച്ചില്ല. സഞ്ജുവിനെ മെന്‍ഷന്‍ ചെയ്തായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറി. അശ്വിനും ചഹലും സഞ്ജു ഐപിഎല്ലില്‍ നയിക്കുന്ന രാജസ്ഥാന് റോയല്‍സിലെ പ്രധാന താരങ്ങളാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ബുധനാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തിയത്. നാളെ വൈകുന്നേരം ടീം പരിശീലനത്തിനിറങ്ങും. കാര്യവട്ടത്ത് നടക്കുന്ന നാലാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. നേരത്തെ നടന്ന മൂന്ന് കളികളില്‍ രണ്ടിലും ഇന്ത്യ വിജയിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു തോല്‍വി വഴങ്ങിയത്.