വിരമിച്ചതിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ക്രക്കറ്റ് ആരാധകര്‍ക്കിടയില്‍ എംഎസ് ധോണിയോളം സ്വീകാര്യതയുള്ള മറ്റൊരു താരമില്ലെന്ന് പറയാം. ഒരുപക്ഷെ ‘ക്രിക്കറ്റ് ദൈവം’ സച്ചിന്‍ തെന്‍ഡുല്‍ക്കറേക്കാള്‍. ധോണിയുടെ 41-ാം ജന്മദിനമാണിന്ന്. ആന്ധ്രപ്രദേശിലെ വിജയവാജയിലെ ആരാധകര്‍ തയാറാക്കിയ 41 അടി പൊക്കമുള്ള താരത്തിന്റെ കട്ടൗട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ധോണിയുടെ ഹൈലിക്കോപ്റ്റര്‍ ഷോട്ടിന്റെ ചിത്രമാണ് കട്ടൗട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. സിനിമാതാരങ്ങളുടെ ജന്മദിനം പോലെ ആഘോഷിക്കുകയാണ് ‘തല’യുടെ പിറന്നാളും.
2020 അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ ധോണി ഇപ്പോഴും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സജീവമാണ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകന്‍ കൂടിയാണ് ധോണി. പോയ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 232 റണ്‍സാണ് വലം കയ്യന്‍ ബാറ്റര്‍ നേടിയത്. 123 ന് മുകളിലായിരുന്നു ചെന്നൈ നായകന്റെ പ്രഹരശേഷി.
സീസണിന്റെ തുടക്കത്തില്‍ ചെന്നൈ നായകസ്ഥാനം ധോണി ഒഴിഞ്ഞിരുന്നു. പിന്നീട് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടീമിനെ നയിച്ചത്. എന്നാല്‍ നായകന്റെ സമ്മര്‍ദം പ്രകടനത്തെ ബാധിക്കാന്‍ തുടങ്ങിയതോടെ ജഡേജ പദവി ധോണിക്കു തന്നെ തിരിച്ചു നല്‍കുകയായിരുന്നു.