1984 ലെ ഒരു ഡിസംബര്‍ രാത്രിയിലായിരുന്നു ഖുശി ചീമ തന്റെ വീട്ടിലെത്തി ഭാര്യയോട് സാധനങ്ങളെല്ലാം എടുത്തു വയ്ക്കാന്‍ ആവശ്യപ്പെട്ടത്. അടുത്ത ദിവസം സിഖ് കുടുംബം ജലന്ദറിന് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ കയറി. 52 കിലോ മീറ്റര്‍ നീണ്ട യാത്രയില്‍ അഞ്ച് വയസുകാരനായ ഹര്‍പ്രീത് എങ്ങോട്ടാണ് പോകുന്നതെന്ന സംശയം പിതാവിന്റെയെടുത്ത് ചോദിച്ചുകൊണ്ടേയിരുന്നു.
“ആ രാത്രിയുടെ അടുത്ത ദിവസത്തെ പ്രഭാതവും എനിക്ക് മറക്കാനാകില്ല. ഇന്നലെ സംഭവിച്ചതുപോലെയാണ് ഇപ്പോഴും തോന്നുന്നത്. 1980-കളിലെ പഞ്ചാബ് കലാപത്തില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായിരുന്നു പിതാവിന്റെ ശ്രമം,” നെതര്‍ലന്‍ഡ്സിലെ ആംസ്റ്റെല്‍വീനില്‍ നിന്ന് ഹര്‍പ്രീത് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് ഫോണില്‍ സംസാരിക്കവെ പറഞ്ഞു.
ഇപ്പോള്‍ ഖുശി ചീമ ജലന്ദറിലുണ്ട്. ഹര്‍പ്രീതാകട്ടെ ആംസ്റ്റെല്‍വീനില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനി നടത്തുകയാണ്.
ഖുശിയുടെ കൊച്ചുമകന്‍ വിക്രംജിത് സിങ് നെതര്‍ലന്‍ഡ്സിലെ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ്. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ താരം ഇന്നിറങ്ങും. തന്റെ കരിയറിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മത്സരമെന്നാണ് വിക്രംജിത് ഇന്ത്യയ്ക്കെതിരായ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്.
“നെതര്‍ലന്‍ഡ്സിലെത്തുമ്പോള്‍ എനിക്ക് അഞ്ച് വയസായിരുന്നു. വളരെ ബുദ്ധിമുട്ടി ജീവിക്കാന്‍. ഭാഷയറിയില്ല, വളരെ വ്യത്യസ്തമായ സംസ്കാരവും. പൊരുത്തപ്പെടാന്‍ കുറച്ച് വര്‍ഷങ്ങള്‍ തന്നെ ആവശ്യമായി വന്നു,” ഹര്‍പ്രീത് കൂട്ടിച്ചേര്‍ത്തു.
ദുരിത പൂര്‍ണമായ ജീവിതത്തിന് അവസാനം വന്നത് ഖുശി ടാക്സി കാര്‍ ഓടിച്ച് തുടങ്ങിയപ്പോഴാണ്. 2000-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ തന്റെ കമ്പനി മകന് കൈമാറുകയും ചെയ്തു.
വിക്രംജിത്തിന്റെ ജനനവും ചീമ ഖുര്‍ദ് എന്ന ഗ്രാമത്തിലായിരുന്നു. ഏഴാമത്തെ വയസിലാണ് വിക്രംജിത്ത് നെതര്‍ലന്‍ഡ്സിലെത്തുന്നത്. പിതാവ് നേരിട്ടതുപോലുള്ള പ്രശ്നങ്ങളെ വിക്രംജിത്തിന് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടില്ല.
വിക്രംജിത്തിന്റെ പതിനൊന്നാം വയസിലാണ് നിര്‍ണായക നിമിഷമുണ്ടായത്. അന്നത്തെ നെതര്‍ലന്‍ഡ്സ് നായകന്‍ പീറ്റര്‍ ബോറെനാണ് വിക്രംജിത്തിന്റെ മികവ് കണ്ടെത്തിയത്. പിന്നീട് മണിക്കൂറുകളോളം പീറ്റര്‍ വിക്രംജിത്തിനൊപ്പം നെറ്റ്സില്‍ ചിലവഴിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം എസ് ധോണി എന്നി പ്രമുഖരുടെ സ്പോണ്‍സര്‍മാരായ ബിഎഎസ് വിക്രംജിത്തിനും കൂട്ടായെത്തി. 15-ാം വയസില്‍ എ ടീമിലും രണ്ട് വര്‍ഷത്തിന് ശേഷം സീനിയര്‍ ടീമിലും വിക്രംജിത്ത് ഇടം നേടി.