ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിന് ശേഷം താന്‍ ഏകദിനത്തില്‍ കളിക്കില്ലെന്ന് സ്റ്റോക്ക്സ് ട്വിറ്ററിലൂടെ അറിയിച്ചു.
2019 ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിച്ചതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. സ്റ്റോക്ക്സ് പുറത്താകാതെ നേടിയ 84 റണ്‍സാണ് ന്യൂസിലന്‍ഡിനെതിരായ കലാശപ്പോരാട്ടം സൂപ്പര്‍ ഓവറിലെത്തിച്ചത്.
“ഇംഗ്ലണ്ടിന് വേണ്ടി അവസാന ഏകദിനം കളിക്കാന്‍ ചൊവ്വാഴ്ച ഞാന്‍ ഇറങ്ങും. ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. വളരെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനമായിരുന്നു ഇത്. സഹതാരങ്ങള്‍ക്കൊപ്പം കളിച്ച ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു,” സ്റ്റോക്ക്സ് കുറിച്ചു.
“മൂന്ന് ഫോര്‍മാറ്റിലും സന്തുലിതമായി മുന്നോട്ട് പോകാന്‍ എനിക്ക് ഇപ്പോള്‍ സാധിക്കില്ല. എന്റെ ശരീരം അതിന് അനുവദിക്കുന്നില്ല എന്നത് മാത്രമല്ല, എന്റെ പിന്മാറ്റത്തോടെ ഒരു പുതിയ കളിക്കാരന് അവസരം ഒരുങ്ങുമെന്നും കരുതുന്നു. കഴിഞ്ഞ 11 വർഷമായി എനിക്കുള്ളത് പോലെ അവിശ്വസനീയമായ ഓർമ്മകൾ സൃഷ്ടിക്കാനുമുള്ള സമയമാണിത്. ഞാന്‍ കഴിഞ്ഞ 11 വര്‍ഷം നേടിയതു പോലുള്ള നിമിഷങ്ങള്‍ സ്വന്തമാക്കാന്‍ മറ്റൊരാള്‍ക്ക് അവസരമൊരുങ്ങുന്നു,” താരം കൂട്ടിച്ചേര്‍ത്തു.
“ടെസ്റ്റ് ക്രിക്കറ്റില്‍ എനിക്ക് കഴിയുന്നതെല്ലാം നല്‍കും. ഈ തീരുമാനത്തോടെ ട്വന്റി 20 യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. മുന്നോട്ടുള്ള യാത്രയില്‍ ജോസ് ബട്ലറിനും മാത്യു മോട്ടിനും ആശംസകള്‍ നേരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷം ഏകദിന ക്രിക്കറ്റില്‍ മികവ് പുലര്‍ത്താനായി, ഭാവിയും പ്രതീക്ഷ നല്‍കുന്നതാണ്,” സ്റ്റോക്ക്സ് പറഞ്ഞു.