ലണ്ടന്‍: ലോകകപ്പ് തുടങ്ങിയത് മുതല്‍ ക്രിക്കറ്റ് മൈതാനത്തെ അമ്പരപ്പിക്കുന്ന ക്യാച്ചുകള്‍ കാണാനുള്ള ഭാഗ്യം ആരാധകര്‍ക്കുണ്ടായിട്ടുണ്ട്. ബെന്‍ സ്റ്റോക്‌സിന്റേയും കോട്രലിന്റേയുമൊക്കെ ക്യാച്ചുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളുടെ പട്ടികയിലേക്ക് ഇടം നേടുന്നവയാണ്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റിലും അമ്പരപ്പിക്കുന്നൊരു ക്യാച്ച് പിറന്നിരിക്കുകയാണ്.

ഇംഗ്ലണ്ട് താരം ഫ്രാന്‍ വില്‍സനാണ് അത്ഭുത ക്യാച്ചെടുത്തത്. വിന്‍ഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിലായിരുന്നു സംഭവം. രണ്ടാം ഓവറിന്റെ അവസാന പന്ത് വിന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസ് കവറിലേക്ക് അടിച്ചകറ്റി വിടുന്നു. പോയന്റിലും കവറിലുമുണ്ടായിരുന്ന രണ്ട് ഫീല്‍ഡര്‍മാരുടെ നടുവിലൂടെ പന്ത് ബൗണ്ടറി തൊടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഫ്രാന്‍ തന്റെ ഇടതുവശത്തേക്ക് ഫുള്‍ ലെങ്ത്തില്‍ ചാടി പന്ത് പിടിയിലൊതുക്കുകയായിരുന്നു. താരങ്ങളേയും കാണികളേയും ഒരുപോലെ ഞെട്ടിച്ചു കളഞ്ഞു ഫ്രാന്‍. താന്‍ കണ്ട ഏറ്റവും മികച്ച ക്യാച്ചാണിതെന്നാണ് ഇംഗ്ലണ്ട് നായിക ഹെതര്‍ നൈറ്റ് പിന്നീട് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook